തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസിൽ രാജ്യമെമ്പാടും ധീര സൈനികർക്ക് സ്മരണാഞ്ജലി അർപ്പിക്കുമ്പോൾ ധീര സൈനികൻ കെ അജികുമാറിന്റെ ഓർമയിൽ നാടും വീടും. തിരുവനന്തപുരം വെള്ളനാട് സ്വദേശിയാണ് അജികുമാർ. 25-ാം ചരമ വാർഷികത്തിൽ അജികുമാർ പഠിച്ച വെള്ളനാട് ഹൈസ്കൂളിലെ കെട്ടിടങ്ങൾക്കൊന്നിന് അദേഹത്തിന്റെ പേര് നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. നേരത്തെ അജിയുടെ വീട്ടിലേക്കുള്ള റോഡിനും അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു.
കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹത്തോടെയാണ് അജി കുമാർ വളർന്നത്. അച്ഛനും സഹോദരനും അമ്മാവന്മാരും അടുത്ത ബന്ധുക്കളുമെല്ലാം സൈന്യത്തിലായിരുന്നു. തന്റെ പാത തിരഞ്ഞെടുക്കാൻ അജികുമാറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സ്വപ്നങ്ങൾ മൊട്ടിട്ട് തുടങ്ങുന്ന പ്രായത്തിൽ, 19-ാം വയസിൽ ജീവിതം അജികുമാർ രാഷ്‌ട്രഹിതത്തിനായി സമർപ്പിച്ചു.
1992 ജനുവരി 18-നാണ് അജികുമാർ മദ്രാസ് റെജിമെന്റിന്റെ ഭാഗമാകുന്നത്. 99 ഡിസംബർ 15-ന് 26-ാം വയസിലായിരുന്നു രാജ്യത്തിന് വേണ്ടി അദ്ദേഹം ജീവൻ ബലിയർപ്പിച്ചത്. മൂന്ന് മക്കളിൽ രണ്ട് പേരെയും സൈനിക സേവനത്തിനയച്ച ശാന്തകുമാരിയമ്മയ്‌ക്ക് 25 വർഷം പിന്നിടുമ്പോഴും എല്ലാം ഒരു പകലിനപ്പുറത്തെ ഓർമകൾ മാത്രമാണ്.
മകൻ മരിച്ചത് തീരാത്തെ വേദന തന്നെയാണെന്നും എന്നാലും രാജ്യത്തിന് വേണ്ടിയായിരുന്നു എന്നതിൽ അഭിമാനമുണ്ടെന്നും അജികുമാറിന്റെ അമ്മ ശാന്തകുമാരി പ്രതികരിച്ചു. സ്മൃതി കുടീരത്തിന് സമീപത്ത് നിൽക്കുമ്പോൾ കശ്മീരിലെ ആ ദിനരാത്രങ്ങളുടെ നൊമ്പരങ്ങളിലേക്ക് അറിയാതെ തിരിച്ചുപോകുകയാണ് സഹോദരൻ അനിൽ കുമാർ. അജിയെപ്പോലെ തന്നെ കാർഗിൽ യുദ്ധ മുഖത്ത് സൈനികനായി അനിലുമുണ്ടായിരുന്നു.
300 കിലോ മീറ്ററിന് അപ്പുറത്ത് സംഭവിച്ചത് നാട്ടിൽ നിന്നാണ് ആദ്യം അനിൽ അറിയുന്നത്. തുടർന്ന് അജിയുടെ ചേതനയറ്റ ശരീരവുമായി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
അജികുമാറും താനും രണ്ടിടങ്ങളിലാണ് ഉണ്ടായിരുന്നതെന്നും നാട്ടിൽ നിന്ന് വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിയുന്നതെന്നും സഹോദരൻ അനിൽ കുമാർ പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് അവിടെ പോകാൻ സാധിച്ചിരുന്നില്ല. ജമ്മുവിലേക്ക് പോയ ശേഷമാണ് മൃതദേഹം അനിയന്റേതാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അജി കുമാറും സഹോദരൻ അനിൽ കുമാറും അച്ഛൻ എൻ. കൃഷ്ണൻ നായരുമടക്കം കുടുംബത്തിലെ 12 പേരാണ് സൈനിക സേവനത്തിലേർപ്പെട്ടത്. രണ്ട് പേർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട്. ധീര ജവാന്റെ സ്മരണാർഥം വീട്ടിലേക്കുള്ള കമ്പനിമുക്ക് – കാരിക്കോണം റോഡിന് അജികുമാറിന്റെ പേര് നൽകിയിരുന്നു.















