ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയായ ട്രക്ക് ഡ്രൈവർ അർജുൻ അപകടത്തിൽ പെട്ട സ്ഥലം സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. അർജുൻ ഉൾപ്പെടെയുളളവരെ കാണാതായി 11 ാം ദിവസമാണ് കേരളത്തിൽ നിന്ന് ഒരു മന്ത്രി സംഭവസ്ഥലത്തെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും ആദ്യം മുതൽ വിമർശനം ഉയർന്നിരുന്നു.
മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് മാത്രമാണ് ഏതാണ്ട് മുഴുവൻ സമയവും
ഷിരൂരിൽ ഉണ്ടായിരുന്നത്. കോഴിക്കോട് എംപി എംകെ രാഘവനും ഇടയ്‌ക്ക് സ്ഥലത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല.
ഇതിനൊടുവിലാണ് തെരച്ചിൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ മുഹമ്മദ് റിയാസ് എത്തിയത്. സ്ഥലത്തെത്തിയ മന്ത്രിക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ആദ്യദിനം മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, പൊലീസ് മേധാവി തുടങ്ങിയവരുമായി ആശയവിനിമയം നടത്തി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ മനസിലാക്കുക മാത്രമാണ് ഉണ്ടായത്.
പിന്നീട് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും ദൗത്യസംഘങ്ങൾ നൽകിയ വിവരങ്ങളിൽ കൂടുതലൊന്നും മന്ത്രിക്ക് പറയാനും ഉണ്ടായിരുന്നില്ല. കർണാടക അധികൃതരുമായി യോഗം ചേർന്നുവെന്ന് പറഞ്ഞ മന്ത്രി കാലാവസ്ഥ പ്രതികൂലമായതിനാൽ നാവികസേനയ്‌ക്ക് പ്രതിസന്ധികളുണ്ടെന്ന് ആവർത്തിച്ചു. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്താനുളള ശ്രമം തുടരണമെന്ന കൂട്ടായ തീരുമാനമാണ് എടുത്തത്. കളക്ടർ തന്നെ നാവികസേനയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ യോഗത്തിന് ശേഷവും ഈ ആവശ്യം ഉന്നയിച്ചതായും റിയാസ് പറഞ്ഞു.
കാലാവസ്ഥ അനുകൂലമാകുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. എന്നാൽ ഈ കാലാവസ്ഥയിൽ തന്നെ ചെയ്യാൻ കഴിയുന്നത് ചെയ്യണമെന്നും റിയാസ് പറഞ്ഞു. അർജുന്റെ ട്രക്ക് എന്ന് സംശയിക്കുന്ന ഭാഗം പുഴയിൽ കണ്ടെത്തിയതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ പ്രാദേശിക ഭരണകൂടത്തിന്റെയും എംഎൽഎയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് അവസാന ഘട്ടത്തിൽ റിയാസിന്റെ സന്ദർശനം. മന്ത്രിമാർ ആരും എത്തിയില്ലെന്ന വിമർശനത്തിന് തടയിടാൻ വേണ്ടി മാത്രമാണ് ഈ ഘട്ടത്തിൽ മന്ത്രിയുടെ സന്ദർശനമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
പുഴയിൽ ശക്തമായ അടിയൊഴുക്കുളളതിനാലാണ് നേവിയുടെ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉളളത്. ഇതാണ് ട്രക്ക് പുറത്തെടുക്കാൻ വൈകുന്നത്.















