കൊച്ചി: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്ന് നഗരസഭ. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല സ്ക്വാഡ് പ്രവർത്തനം തുടങ്ങിയതായും ജൂലൈ 18 മുതല്‍ 23 വരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ എല്ലാ ഭാഗത്തും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള കോടതിയുടെ വിമർശനത്തിനാണ് നഗരസഭയുടെ മറുപടി.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് നഗരസഭ പറഞ്ഞു. 42 ലക്ഷം രൂപ പിഴയീടാക്കിയെന്നും 65 പേര്‍ക്ക് നോട്ടീസ് നല്‍കിയെന്നും നഗരസഭ ഹൈക്കോടതിയിൽ വ്യക്തമാക്കി. നടപടി റിപ്പോർട്ടിലൂടെയാണ് നഗരസഭ വിശദാംശങ്ങൾ നൽകിയത്. തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടി. മറ്റൊരു സ്ഥാപനത്തിനെതിരെ പ്രൊസിക്യൂഷന് നടപടി തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്. നഗരസഭാ സെക്രട്ടറിയുടേതാണ് നടപടി റിപ്പോര്‍ട്ട്
ഈ മാസം ആദ്യം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയി മരണപ്പെട്ടിരുന്നു. ഇതോടെ നഗരസഭയ്ക്കെതിരെ മാലിന്യപ്രശനത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന ആരോപണം ശക്തമാവുകയായിരുന്നു. മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷനെതിരെ പല തവണ വടിയെടുത്ത കോടതി ഇത്തവണയും രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. തോട്ടിലെ മാലിന്യ പൂർണമായും എന്ന് നീക്കാനാകുമെന്ന് ചോദിച്ച ഹൈക്കോടതി വിഷയത്തിൽ നഗരസഭയോട് രേഖാമൂലമുള്ള ഉറപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.