ഇസ്ലാമബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച പരസ്യ പ്രഖ്യാപനത്തിന് ഇമ്രാൻഖാന്റെ അനുമതി ലഭിച്ചാലുടൻ പ്രചാരണം ആരംഭിക്കുമെന്ന് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് സയ്യിദ് സുൽഫി ബുഖാരി പറഞ്ഞു.
ഓക്‌സ്‌ഫോർഡ് ബിരുദധാരിയായ ഇമ്രാൻ ഖാൻ നിരവധി കേസുകളിൽ കുറ്റം ചുമത്തപ്പെട്ട് അദിയാല ജയിലിലാണ്. 21 വർഷമായി ചാൻസലർ പദവി വഹിച്ചിരുന്ന ടോറി പാർട്ടി ചെയർമാനായിരുന്ന ലോർഡ് പാറ്റന്റെ രാജിയെത്തുടർന്നാണ് ഈ പദവിയിലേക്ക് പുതിയ ആളെ തെരഞ്ഞെടുക്കേണ്ടി വന്നത്.
ഇമ്രാൻ ഖാൻ മത്സരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യമെന്നും അതിനാൽ അദ്ദേഹം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുമാണ് ഇമ്രാൻഖാന്റെ മാദ്ധ്യമ ഉപദേഷ്ടാവ് പറഞ്ഞത്. 1972 ൽ ഓക്‌സ്‌ഫോർഡിലെ കെബിൾ കോളേജിൽ നിന്നും ഇമ്രാൻ ഖാൻ സാമ്പത്തിക ശാസ്ത്രം, രാഷ്‌ട്രീയം എന്നിവയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. 2005 മുതൽ 2014 വരെ ബ്രാഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇമ്രാൻ ഖാനെ കൂടാതെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ സർ ടോണി ബ്ലെയറും ബോറിസ് ജോൺസണും മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികളാണ്. ഇത്തവണ ഓൺലൈനായാണ് ചാൻസലർ തെരഞ്ഞെടുപ്പ് നടക്കുന്നത്.















