കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. മെഡിക്കൽ പരിശോധനകൾ നടത്തിയ ശേഷം മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും.
തൃശൂരിലെ വലപ്പാടുള്ള ധനകാര്യസ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്തതാണ് സംഭവം. 20 വർഷമായി ഇവർ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന ഇവർ അഞ്ച് വർഷം കൊണ്ടാണ് ഇത്രയും തുക തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ധന്യയുടേയും കുടുംബാംഗങ്ങളുടേയും അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരുന്നത്. ഏകദേശം 8000 ഇടപാടുകളിലൂടെയാണ് ഇത്രയും തുക ഇവർ സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തത്. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും ഓൺലൈൻ റമ്മി കളിക്കാനുമായാണ് ഇവർ ചിലവാക്കിയതെന്ന് പൊലീസ് കണ്ടെത്തി.
കൊല്ലം സ്വദേശിനിയായ ധന്യക്ക് വലപ്പാടും വീടുകളും ഒന്നിലധികം ആഡംബര വാഹനങ്ങളും ഉള്ളതായാണ് വിവരം. തട്ടിപ്പ് കണ്ടെത്തിയ ധനകാര്യ സ്ഥാപനം ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയതോടെ ധന്യ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ വലപ്പാടുള്ള വീട്ടിൽ രാവിലെ പൊലീസ് പരിശോധന നടത്തിയിരുന്നു. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ധന്യ കീഴടങ്ങിയത്.















