ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മുൻകാലങ്ങളിൽ ലഭിച്ചിരുന്നതുപോലെ തന്നെ ഇപ്പോഴും എപ്പോഴും വിഹിതം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2014-ൽ ആന്ധ്രാപ്രദേശ് വിഭജനനത്തിന് പിന്നാലെ നിയമപ്രകാരം പിന്തുണയ്‌ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ധനമന്ത്രി പറഞ്ഞു. ആന്ധ്രപ്രദേശ് പുനഃസംഘടന നിയമ പ്രകാരം തലസ്ഥാന നഗരം നിർമ്മിക്കുന്നതിനും പിന്നാക്ക പ്രദേശങ്ങൾ വികസിപ്പിക്കുന്നതിലും കേന്ദ്രപിന്തുണ വേണമെന്ന് നിർദേശിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആക്ട് അനുസരിച്ച് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോളാവരം ജലസേചന പദ്ധതി നേരത്തെ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാണ് പദ്ധതി വൈകാൻ കാരണമായതെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും പേര് പറയാൻ സാധിക്കില്ലെന്നും എന്നു കരുതി അവർക്ക് ഒന്നുമില്ലെന്നല്ല അർത്ഥമെന്നും ധനമന്ത്രി ലോക്സഭയിലും വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. വളരെക്കാലം രാജ്യം ഭരിച്ച കോൺഗ്രസിന് ഇക്കാര്യം വ്യക്തമായി അറിയാവുന്നതാണെന്നും നിർമലാ സീതാരാമൻ ഓർമ്മിപ്പിച്ചു.
രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബജറ്റിൽ നീക്കിയിരിപ്പ് ലഭിച്ചിട്ടുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ബോധപൂർവമായ ശ്രമമാണിത്. കോൺഗ്രസിന്റെ ബജറ്റ് പ്രസംഗങ്ങളിൽ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞിരുന്നു.















