തൊടുപുഴ; ജന്മഭൂമി മുൻ പത്രാധിപരും എഴുത്തുകാരനും ആദ്യകാല ആർഎസ്എസ് പ്രചാരകനുമായ പി. നാരായൺജിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കരുന്ന മായി. തൊടുപുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ വി ഭാഗയ്യ മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തൂലിക ആയുധമാക്കി മാറ്റത്തിനൊപ്പം നടന്ന വ്യക്തിയാണ് നാരായൺ ജിയെന്ന് വി ഭാഗയ്യ പറഞ്ഞു. ശോഭനമായ വ്യക്തിജീവിതം ഉപേക്ഷിച്ച് അദ്ദേഹം സമാജ സേവനത്തിന്റെ വഴി തിരഞ്ഞെടുത്തു. ജീവിതത്തിലെ ഒരു വഴിത്തിരിവിലും അദ്ദേഹത്തിന് മാറ്റമുണ്ടായില്ല. പ്രതിസന്ധികളിലും അണുവിടെ ചലിക്കാതെ ഉറച്ചുനിൽക്കുകയാണ് നാരായൺ ജി ചെയ്തതെന്നും വി ഭാഗയ്യ പറഞ്ഞു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കും പി. കേശവദേവിനും ശേഷം ഒരു പത്രത്തിനായി ഇത്രയും ത്യാഗം സഹിച്ച മറ്റൊരു പത്രാധിപർ ഉണ്ടാകില്ലെന്ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറും പ്രസ് അക്കാദമി മുൻ ചെയർമാനുമായ തോമസ് ജേക്കബ് പറഞ്ഞു.
“ഞങ്ങൾ ഇരുവരും പ്രവർത്തനം തുടങ്ങിയത് കോഴിക്കോട് നിന്നാണ്. അദ്ദേഹം അവിടെ എത്തി ഒരുസായാഹ്ന പത്രം ആരംഭിച്ചു. ഭരണമോ, മൂലധനമോ ഇല്ലാത്ത കാലത്താണ് അതിന്റെ വലിയബുദ്ധിമുട്ടുകൾ അനുഭവിച്ച് പത്രം തുടങ്ങിയത്. അടിയന്തരാവസ്ഥക്കാലത്തിന് ശേഷം കൂടുതൽ ഊർജത്തോടെ തിരിച്ച് വരികയും ദിനപത്രമായി മാറുകയും ചെയ്തു. ഇങ്ങനെ ജന്മഭൂമിയുടെ ചരിത്രം പി. നാരായണനിലൂടെയാണ് വളർന്നു വന്നിരിക്കുന്നത്. ഇന്ന് അത് പടർന്ന് പന്തലിച്ച് പ്രചുരപ്രചാരം നേടിയതിൽ സന്തോഷമുണ്ടെന്നും തോമസ് ജേക്കബ്” പറഞ്ഞു.

ചടങ്ങിൽ മിസോറം മുൻ ഗവർണറും ബിജെപി ദേശീയ കൗൺസിലംഗവുമായ കുമ്മനം രാജശേഖരൻ, അഡ്വ. എ ജയശങ്കർ, മുൻ ഡിജിപി ജേക്കബ് തോമസ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, മുൻ അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ് സേതുമാധവൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻപിള്ള, തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, നവതി ആഘോഷസമിതി സംയോജകൻ എ. സന്തോഷ് ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പി. നാരായണൻ രചനയും പരിഭാഷയും നടത്തിയ പുസ്തകങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ നിർവഹിച്ചു. ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനം ചലച്ചിത്രതാരം കൃഷ്ണപ്രസാദ് നിർവഹിച്ചു. യോഗത്തിന് ശേഷം പി. നാരായണൻ രചിച്ച സംഘപഥത്തിലൂടെ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പബ്ലിക്കേഷന്റെ കവർപേജ് പ്രകാശനം ദക്ഷിണക്ഷേത്ര കാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണൻ നിർവഹിച്ചു. പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷന്റെ ഉദ്ഘാടനം ജന്മഭൂമി ജനറൽ മാനേജരും ദക്ഷിണകേരള പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാറും നിർവഹിച്ചു.

നാരായൺജി പരിഭാഷപ്പെടുത്തിയ മധുശ്രീ മുഖർജിയുടെ ‘ബ്രിട്ടീഷ് ഇന്ത്യ ഇരുണ്ട കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ദക്ഷിണകേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശനും നിർവഹിച്ചു. തുടർന്ന് നെല്ലിക്കാവ് ബാലഗോകുലം, കുടയത്തൂർ ശബരി ബാലിക സദനം എന്നിവർ അവതരിപ്പിച്ച കലാനിശയും നടന്നു.















