കുപ്വാര: കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് സൂചന. പാകിസ്താൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമാണ് നിയന്ത്രണരേഖയ്‌ക്ക് സമീപം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താൻ സൈന്യത്തിൽ നിന്നുള്ള കമാൻഡോകളും തീവ്രവാദികളും ഇതിൽ ഉൾപ്പെടുന്നു. ആക്രമണം സേന പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ വധിച്ചിരുന്നു. ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനുമുൻപും പാകിസ്താന്റെ ബോർഡർ ആക്ഷൻ ടീം നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കംകാരി മേഖലയിൽ നടന്ന ഭീകര വിരുദ്ധ ഓപ്പറേഷനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
ജൂലൈ 24 ന് കുപ്‌വാരയിലെ ലോലാബ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചു. 50 ഓളം പാക് ഭീകരർ ജമ്മു കശ്മീരിലെ മലയോര ജില്ലകളുടെ ഉയർന്ന പ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഭീകരരെ പിടികൂടാൻ ഈ പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടന്നുവരികയാണ്.