ഷിരൂർ: അങ്കോല ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി നാവിക സേനയ്‌ക്കൊപ്പം കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും. ഉഡുപ്പിക്ക് സമീപത്ത് നിന്നുള്ള സംഘമാണ് ഷിരൂരിലെത്തിയത്. ശക്തമായ അടിയൊഴുക്കിലും മത്സ്യബന്ധനം നടത്തി പരിചയമുള്ള മത്സ്യത്തൊഴിലാളികളും തെരച്ചിലിന്റെ ഭാഗമാകും.
അർജുനായുള്ള തെരച്ചിൽ 12-ാം നാളിലേക്ക് കടക്കുമ്പേൾ പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുഴയിലിറങ്ങി ബോട്ട് നങ്കൂരമിട്ട് നിർത്താനുള്ള ശ്രമങ്ങൾ പുരോഗമിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു. നാവികസേനയിലെ മുങ്ങൽ വിദഗ്ധരെ കയർ ഉപയോഗിച്ച് പുഴയിലേക്കിറക്കാനുള്ള ശ്രമങ്ങളും നടത്തും.
അതേസമയം ലോറി നേരത്തെയുണ്ടായിരുന്ന ഭാഗത്ത് നിന്ന് ഒഴുകി നീങ്ങുകയാണോ എന്നും അധികൃതർക്ക് സംശയമുണ്ട്. കരയിൽ നിന്ന് 60 മീറ്റർ അകലെയുള്ള സ്ഥലത്താണ് ഇന്നലെ സിഗ്നൽ ലഭിച്ചത്. എന്നാൽ ലോറിയിലെ മനുഷ്യ സാന്നിധ്യം ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.















