പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ടുവച്ച അയൽവാസിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. പത്തനംതിട്ടയിലെ ഇളമണ്ണൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇളമണ്ണൂർ സ്വദേശി സന്ദീപാണ് അയൽവാസിയെ ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അയൽവാസിയായ കണ്ണനെയാണ് യുവാവ് ആക്രമിച്ചത്. കണ്ണന്റെ തലയ്‌ക്കും ചെവിയിലുമാണ് വെട്ടേറ്റത്. കണ്ണൻ രാത്രിയിൽ വീട്ടിൽ പാട്ട് വച്ചിരുന്നു. ഇതിന്റെ ശബ്ദം കൂടിപ്പോയെന്ന് പറഞ്ഞാണ് സന്ദീപ് അയൽവാസിയും സുഹൃത്തുമായ കണ്ണനുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. എന്നാൽ ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും കണ്ണനെ സന്ദീപ് വെട്ടിപ്പരിക്കേപ്പിക്കുകയുമായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂർ പൊലീസ് പറഞ്ഞു.