മഴയുടെ സംഗീതമിരമ്പുന്ന കർക്കടകമാസ രാവുകളിൽ ഓരോ വീടും രാമനാമ മുഖരിതമാണ്. ശ്രീ രാമനും രാമായണവും ഭാരതീയരുടെ ആത്മാവാണ്. രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള പല കഥാസന്ദർഭങ്ങളും ഇന്നും രാജ്യത്ത് വിവിധ ഇടങ്ങളിൽ ഉണ്ട്. അത്തരത്തിൽ പ്രശസ്തമായ ഒരു ഇടമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം. പക്ഷിശ്രേഷ്ഠനായ ജഡായുവിന് ശ്രീരാമൻ മോക്ഷം നൽകിയത് ഇവിടെയാണെന്നാണ് വിശ്വാസം.
സീതാ ദേവിയെ അപഹരിച്ച രാവണനെ ജഡായു മാർഗമധ്യേ തടഞ്ഞുവെന്നും രാവണന്റെ വെട്ടേറ്റ് ജഡായു ചിറകറ്റ് വീണത് ചടയമംഗലത്താണ്. തുടർന്ന് ജഡായു ചുണ്ടുകൾ പാറയിൽ ഉരസിയപ്പോൾ അവിടെ നിന്ന് ജലം ലഭിച്ചു. ആ വെള്ളം കുടിച്ച് ശ്രീരാമന്റെ വരവ് കാത്ത് ജഡായു ഇരുന്നുവെന്ന് ഐതീഹ്യം പറയുന്നു. സീതാദേവിയെ അന്വേഷിച്ചിറങ്ങിയ ശ്രീരാമന് രാവണൻ അപഹരിച്ചു എന്ന വിവരം നൽകുന്നതും ജഡായുവാണ്.
ത്രേതായുഗത്തിലെ പ്രൗഢികളിലേക്ക് ചിറകുവിടർത്തുകയാണ് പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടായ ജടായുപ്പാറ. സമുദ്ര നിരപ്പിൽ നിന്നും 1,200 അടി ഉയരത്തിലാണ് 65 ഏക്കറിൽ പരന്ന് കിടക്കുന്ന ജടായു ശിൽപം.ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമാണിത്. 2017-ലാണ് ഇത് നിർമിച്ചത്.
വീരജടായു രാമദർശനം കാത്തുകിടന്ന, രമാപാദമേറ്റ ഇടത്ത് ഇന്നൊരു രാമക്ഷേത്രവുമുണ്ട്. ജഡായുവിന്റെ ശില്പത്തിന് സമീപത്ത് തന്നെയാണ് കോദണ്ഡരാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ ക്ഷേത്ര മാതൃകയിലാണ് ക്ഷേത്ര നിർമാണം. പത്തടി ഉയരമുള്ള രാമവിഗ്രഹമാണ് പ്രതിഷ്ഠ. രാമപാദവും ജടായുവിന്റെ കൊക്കുരഞ്ഞ് കുളമായി മാറിയ കൊക്കരുണിയും ഇവിടുത്തെ പ്രത്യേകതകളാണ്. ഗംഗാതീർത്ഥമാണ് ഇവിടുള്ളതെന്നാണ് ഐതീഹ്യം. ലോകത്തിന്റെ നാനഭാഗത്ത് നിന്ന് നിരവധി പേരാണ് പക്ഷി ശിൽപം തേടി ചടയമംഗലത്തെത്തുന്നത്.















