കൊച്ചി: കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ. ബജറ്റിൽ കേന്ദ്ര സർക്കാർ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയെന്നും ചെമ്മീൻ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ജോർജ് കുര്യൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിൽ കേന്ദ്രം കേരളത്തെ അവഗണിച്ചുവെന്ന രാഷ്‌ട്രീയ വിമർശനങ്ങൾക്കിടെയാണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പ്രതികരണം. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായ സംസ്ഥാനകൾക്ക് പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് മുമ്പ് എയിംസ് അനുവദിച്ചത്. കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കട്ടെ, അതിനുശേഷം എയിംസ് അനുവദിക്കുന്നതിനുള്ള നടപടി ഉണ്ടാകും. അക്കാര്യത്തിൽ രാഷ്‌ട്രീയം പാടില്ലെന്നും ജോർജ് കുര്യൻ ഓർമ്മിപ്പിച്ചു.
ബജറ്റിൽ കേന്ദ്രസർക്കാർ കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകിയെന്നും വകയിരുത്തിയ തുക സംസ്ഥാനം പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ന്ത്രി വ്യക്തമാക്കി. ചെമ്മീൻ കർഷകർക്ക് ആശ്വാസകരമായ രീതിയിൽ കയറ്റുമതിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പും ജോർജ് കുര്യൻ നൽകി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയടക്കം നിലവിലെ ആശങ്കകൾക്ക് വിരാമമിടുന്നതാണ് ചെമ്മീൻ കയറ്റുമതി പ്രശ്നങ്ങൾ പരിഹരിക്കുമെന്നതിലെ കേന്ദ്ര സർക്കാർ നിലപാട്.