ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് ചിരിക്കൊപ്പം അല്പനം വേദനയും സമ്മാനിച്ച ദിനമാണ് കടന്നുപോയത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാഡ്മിൻഡൺ ജോടികളായ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം ജയത്തോടെ തുടങ്ങി. ലക്ഷ്യ സെന്നും ആദ്യ മത്സരത്തിൽ ജയം കണ്ടു. മാനു ഭാകറാണ് ഷൂട്ടിംഗിൽ ഇന്ത്യയുടെ നിരാശ അകറ്റിയത്.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനവുമായി താരം ഫൈനലിന് യോഗ്യത നേടി. 580 പോയിന്റുമായാണ് താരം ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സരബ്ജോത് സിംഗിനും ഫൈനൽ കാണാനായില്ല. 15-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കോമൺവെൽത്ത് ഗെയിംസ് സ്വർണ ജേതാവായ ലക്ഷ്യസെൻ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഗ്വാട്ടിമാലയുടെ 37 കാരനായ കെവിൻ കോർഡനെ 21-8, 22-20 എന്ന സ്കോറിന് കീഴടക്കി. 21-17, 21-14 എന്ന സ്‌കോറിനാണ് ലോക മൂന്നാം നമ്പർ ജോഡികളായ സാത്വിക്-ചിരാഗ് സഖ്യം ഫ്രഞ്ച് ജോഡികളായ ലൂക്കാസ് കോർവി-റൊണൻ ലാബർ സഖ്യത്തെ പരാജയപ്പെടുത്തിയത്.അടുത്ത മത്സരത്തിൽ ലക്ഷ്യ ബെൽജിയത്തിന്റെ ജൂലി കരാഗിയെയും സാത്വിക്-ചിരാഗ് സഖ്യം ജർമ്മനിയുടെ മാർക്ക് ലാംസ്ഫസ്-മാർവിൻ സീഡൽ സഖ്യത്തെയും നേരിടും.