കോഴിക്കോട്: വീണ്ടും കട്ടപ്പുറത്തായി നവകേരള ഗരുഡ പ്രീമിയം ബസ്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടുന്ന ബസിന്റെ സര്‍വ്വീസാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇതുകൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്നതെന്നുമാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. കോഴിക്കോട് റീജണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസ് നിലവിലുള്ളത്.
നേരത്തെ ആളുകയറാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ബസിന്റെ സര്‍വ്വീസ് മുടങ്ങിയിരുന്നു. ചുരുക്കം യാത്രക്കാരുമായി പിന്നീട് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വ്വീസ് പുഃനരാരംഭിച്ചിരുന്നു. ഈ മാസം ഇതുവരെ ഒരു ദിവസം മാത്രമാണ് ബസ് ലാഭകരമായി സര്‍വ്വീസ് നടത്തിയത്. ജൂലൈ 10,11 ദിവസങ്ങളില്‍ ഒരാള്‍ പോലും സീറ്റ് ബുക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് ബസിന്റെ സര്‍വ്വീസ് മുടങ്ങിയിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ വിരലിലെണ്ണാവുന്ന യാത്രക്കാരുമായി കഴിഞ്ഞ 12ന് ബസ് സര്‍വ്വീസ് നടത്തി. തുടര്‍ന്നും സമാനമായ രീതിയിലായിരുന്നു കോഴിക്കോട്- ബെംഗളൂരു റൂട്ടിലുള്ള ബസിന്റെ സര്‍വ്വീസ്.
പിന്നാലെയാണ് ബസ് ഇപ്പോള്‍ അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയാണെന്ന അധികാരികളുടെ വാദം പുറത്തുവരുന്നത്. വരുമാനം കുറഞ്ഞതാണ് ബസ് അറ്റകുറ്റപ്പണിക്ക് കയറ്റാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 14000 രൂപയില്‍ താഴെയാണ് നിലവില്‍ വരുമാനം. 35000 രൂപയെങ്കിലും കളക്ഷന്‍ ലഭിച്ചാല്‍ മാത്രമേ സര്‍വ്വീസ് ലാഭകരമാണെന്ന് പറയാനാവൂ. സമയം മാറ്റിയാല്‍ കൂടുതല്‍ ആളുകള്‍ ബസില്‍ കയറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.