ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കരുത്തയായ മനു ഭാക്കറെയാണ് പാരിസ് ഒളിമ്പിക്‌സില്‍ കാണുന്നതെന്ന് ഇന്ത്യന്‍ ഷൂട്ടിംഗ് ടീം മുഖ്യ പരിശീലകയും ഒളിമ്പ്യനുമായ സുമ ഷിരൂര്‍. ഫൈനലില്‍ താരം മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നും രാജ്യത്തിന് അഭിമാനമാകാന്‍ മനുവിന് കഴിയുമെന്നും അവര്‍ പറഞ്ഞു.
കരിയറിലെ രണ്ടാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരത്തിന്റെ മികവ് പാരിസില്‍ മനു കാട്ടി. മികച്ച പ്രകടനം ഫൈനലിലും പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷൂട്ടര്‍മാര്‍ക്ക് പഞ്ഞമുള്ള നാടല്ല ഇന്ത്യ. എന്നിട്ടും 2004-ന് ശേഷം ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നത് അത്ഭുതകരമാണ്. ദീര്‍ഘ നാളെത്തെ രാജ്യത്തിന്റെ ഷൂട്ടിംഗിലെ കാത്തിരിപ്പ് സഫലമായി. മനുവിലൂടെ വീണ്ടും ഫൈനലിന് യോഗ്യത നേടി. ”- പരിശീലക പറഞ്ഞു. നന്നായി വിശ്രമിച്ചതിന് ശേഷം ഫൈനലിനായി കൂടുതല്‍ കരുത്തോടെ ഷൂട്ടിംഗ് റേഞ്ചിലേക്ക് എത്താനാണ് മനുവിന് നല്‍കിയിരിക്കുന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്. 44 താരങ്ങള്‍ മത്സരിച്ച യോഗ്യത റൗണ്ടില്‍ മൂന്നാമതെത്തിയാണ് താരം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ബുള്‍സ് ഐ ഷോട്ടുകള്‍ ഉതിര്‍ത്തും മനുവായിരുന്നു.















