ഭോപ്പാൽ : പ്രൈമറി ക്ലാസുകൾ മുതൽ കുട്ടികൾക്ക് സംസ്കൃത ഭാഷയിൽ അറിവ് പകർന്ന് നൽകാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ . ഇതിനായി സംസ്‌കൃത ബോർഡ് ആരംഭിക്കും . മാത്രമല്ല കെജി, നഴ്സറി ക്ലാസുകളുടെ പേരുകൾ ഇനി അരുൺ, ഉദയ് എന്നിങ്ങനെ മാറ്റാനും തീരുമാനിച്ചു.
ഈ ക്ലാസുകളിൽ കുട്ടികളെ പൂർണമായും സംസ്‌കൃതത്തിൽ പഠിപ്പിക്കും. ആശംസകളും ശ്ലോകങ്ങളുടെ ഉച്ചാരണവും കുട്ടികൾ പഠിക്കും. തലസ്ഥാനമായ ഭോപ്പാലിലെ സരോജിനി നായിഡു സ്കൂളിലാണ് ഈ പദ്ധതി ആദ്യം ആരംഭിക്കുന്നത്. അതിനുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്.
30 കുട്ടികളുമായി സ്‌കൂളിന്റെ ആദ്യ ബാച്ച് ആരംഭിക്കുമെന്ന് പ്രോജക്ട് ഡയറക്ടർ മായ സിംഗ് പറഞ്ഞു. സംസ്ഥാനമൊട്ടാകെ സമാനമായ 350 സംസ്‌കൃത പ്രൈമറി സ്‌കൂളുകൾ തുറക്കാൻ പദ്ധതിയുണ്ട്. മഹർഷി പതഞ്ജലി സൻസ്ഥാന്റെയും സംസ്‌കൃത ബോർഡിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ക്ലാസുകളിൽ വേദങ്ങളും പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്‌കൃതം, സംസ്‌കാരം, മൂല്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിലായിരിക്കും ഏറെ ശ്രദ്ധ നൽകുക.















