20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരമാണ് മനു ഭാക്കര്‍. 2004-ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലക സുമ ഷിരൂരാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇതിന് മുമ്പ് ഫൈനലില്‍ പ്രവേശിച്ചത്. ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട യോഗ്യതാ റൗണ്ടില്‍ പുറത്തെടുത്ത അതേ പ്രകടനം ഫൈനലിലും പുറത്തെടുത്താല്‍ പാരിസില്‍ നിന്ന് മനു ഭാക്കറിലൂടെ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കും. വൈകിട്ട് 3.30-നാണ് ഫൈനല്‍.
കൗമാരത്തില്‍ തന്നെ ഇന്ത്യയുടെ ഷൂട്ടിംഗ് താരോദയമായി മനു ഭാക്കര്‍ ഉയര്‍ന്നിരുന്നു. 2017-ലെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഹീനാ സിദ്ധുവിനെ ഞെട്ടിച്ചാണ് ഭാക്കര്‍ ഷൂട്ടിംഗ് രംഗത്ത് വരവറിയിക്കുന്നത്. 2017-ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. പിന്നീട് മെക്‌സികോയില്‍ നടന്ന ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം. ഐഎസ്എസ്എഫ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും ഭാക്കര്‍ സ്വന്തമാക്കി. 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണത്തിളക്കം. 2018-ല്‍ അര്‍ജന്റീനയില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സിലും മനു ഭാക്കര്‍ ചരിത്രം സൃഷ്ടിച്ചു.10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടറും രാജ്യത്ത് നിന്നുള്ള ആദ്യ വനിതാ അത്‌ലറ്റുമായി ചരിത്രം സൃഷ്ടിച്ചു. പിന്നീട് തുടര്‍ച്ചയായി ഐഎസ്എസ്എഫ് വേദികളില്‍ താരം മെഡല്‍ വാരിക്കൂട്ടി.
മെഡല്‍ പ്രതീക്ഷകളുമായി ടോക്കിയോ ഒളിമ്പിക്‌സിന് ഇറങ്ങിയെങ്കിലും ഫൈനല്‍ കാണാതെ മടങ്ങി. 2022-ലെ ഏഷ്യന്‍ ഗെയിംസിലും 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ പാരിസില്‍ ഇറങ്ങുന്ന ഈ യുവതാരത്തിലാണ് ഇന്ത്യയുടെ കണ്ണുകള്‍.















