2024-ല്‍ പുറത്തിറങ്ങി ജനശ്രദ്ധ നേടിയ 10 പടങ്ങളില്‍ ഒന്നാം സ്ഥാനത്ത് കല്‍ക്കി 2898 എഡിയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. തെലുഗു സൂപ്പര്‍ താരം പ്രഭാസിനൊപ്പം ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ വേഷമിട്ടു. ബോളിവുഡ് താരറാണി ദീപിക പദുക്കോണ്‍ ആയിരുന്നു നായിക.
ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് ബുജ്ജി കാര്‍. എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രിക് വാഹനമാണിത്.നായകനായ പ്രഭാസിന്റെ സന്തതസഹചാരിയായ ബുജ്ജിക്ക് ചിത്രത്തില്‍ നിര്‍ണായക റോളുണ്ട്. റോബോട്ടിക് കാര്‍ ആയതിനാല്‍ തന്നെ മനുഷ്യശബ്ദത്തില്‍ സംസാരിക്കാനും ബുജ്ജിക്ക് സാധിക്കും. തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി സുരേഷാണ് ബുജ്ജിക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. സിനിമയില്‍ ഭൂരിഭാഗം സ്ഥലത്തും ഗ്രാഫിക്സിന്റെ കൂടി സഹായത്തിലാണ് ബുജ്ജിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെങ്കിലും ശരിക്കുള്ള ബുജ്ജിയെ കല്‍ക്കി 2898എഡി ടീം നിര്‍മിച്ചിട്ടുണ്ട്.
ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ഇതിനോടകം പര്യടനം നടത്തിയ ബസി കാർ ഇപ്പോൾ സിലിക്കൺ സിറ്റി ബാംഗ്ലൂരിലേക്കും കടന്നിരിക്കുകയാണ് .ബിഗ് സ്‌ക്രീനിൽ മായാജാലം തീർത്ത ബുജ്ജി കാർ ഇപ്പോൾ ബാംഗ്ലൂരിൽ കൊന്നകുണ്ടെ ക്രോസിനടുത്തുള്ള ഫോറം മാളിന് സമീപം വെച്ചിരിക്കുകയാണ്. നിരവധി പേരാണ് മാളിലെത്തി കാറുമായി ഫോട്ടോയെടുക്കുന്നത്.
മഹീന്ദ്രയും ജയം ഓട്ടോമോട്ടീവും ചേർന്നാണ് കൽക്കി എന്ന ചിത്രത്തിനായി ഈ കാർ ഒരുക്കിയിരിക്കുന്നത്. ഈ കാർ നിർമ്മിക്കാൻ ഏകദേശം ഒന്നര വർഷമെടുത്തു. ഇതിന് 7 കോടി രൂപയാണ് ചെലവ്. 12 അടി വീതിയും 19 അടി നീളവുമുള്ള ഈ കാറിന്റെ ഭാരം 6,000 കിലോഗ്രാം ആണ്. ഇലക്ട്രോണിക് വാഹനമാണിത് , 18 മണിക്കൂർ ചാർജ് ചെയ്താൽ ബാറ്ററി ഫുൾ ആകും. 40 കിലോമീറ്റർ വേഗതയിൽ ഓടും, എസി, ക്യാമറ സിസ്റ്റം, കൺട്രോൾ സിസ്റ്റം എല്ലാം സാധാരണ കാറുകളിലേതുപോലെ തന്നെ.















