ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
”ലോകത്തിന്റെ ശ്രദ്ധ മുഴുവൻ പാരിസ് ഒളിമ്പിക്‌സിലാണ്. കായിക മാമാങ്ക വേദിയിൽ ത്രിവർണ്ണ പതാക ഉയർത്താനും രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനും ഒളിമ്പിക്‌സ് വേദിയിലൂടെ താരങ്ങൾക്ക് അവസരം ലഭിക്കുന്നു. രാജ്യത്തിന് വേണ്ടി കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുക.” പ്രധാനമന്ത്രി പറഞ്ഞു. 117 താരങ്ങളാണ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതീനിധീകരിക്കുന്നത്. ഉന്നം പിഴച്ചില്ലെങ്കിൽ ഷൂട്ടിംഗിൽ മനു ഭാക്കറിലൂടെ ആദ്യ മെഡൽ സ്വന്തമാകാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
അന്താരാഷ്‌ട്ര ഗണിത ശാസ്ത്ര ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും പ്രധാനമന്ത്രി പ്രശംസിച്ചു. 4 സ്വർണവും ഒരു വെള്ളിയുമുൾപ്പെടെയുള്ള മെഡൽ നേട്ടം എടുത്തു പറഞ്ഞായിരുന്നു പ്രശംസ. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒളിമ്പ്യാഡിന്റെ ഭാഗമായത്. പൂനെ സ്വദേശികളായ ആദിത്യ വെൻഡക ഗണേഷ്, സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, കനവ് തൽവാർ(ഗ്രേറ്റർ നോയിഡ), റുഷിൽ മാത്തൂർ(മുംബൈ), ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദ ഭാദുരി എന്നിവരാണ് രാജ്യത്തിന് അഭിമാനമായി മാറിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.