തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നിന്ന് വിളിപ്പാടകലെ നടന്ന വെടിവെപ്പിൽ ദുരൂഹത തുടരുന്നു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് സമീപം വെടിവെപ്പ് നടന്നത്. എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി ഷൈനിക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്ന് ഷൈനിയുടെ മൊഴി.
എൻ ആർ എച്ച് എമ്മിലാണ് ഷൈനി ജോലി ചെയ്യുന്നത്. രാവിലെ മുഖം മറച്ച് സ്ത്രീ ഷൈനിയുടെ വീട്ടിലെത്തി. താൻ ആമസോണിൽ നിന്നാണെന്നും, കൊറിയർ നൽകാൻ വന്നതാണെന്നും പറഞ്ഞു.ഷൈനിയുടെ ഭർത്താവിന്റെ അച്ഛനായിരുന്നു പാഴ്‌സൽ വാങ്ങാൻ വന്നത്. ഷൈനിക്ക് മാത്രമേ പാഴ്സൽ കൈമാറൂ എന്ന് നിർബന്ധം പറഞ്ഞതിനെ തുടർന്നാണ് ഷൈനി എത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്‌ക്കുകയും ചെയ്‌തെന്നാണ് ഷൈനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. ഷൈനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറയ്‌ക്കുകയും, കൈയിൽ ഗ്ലൗസ് ധരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഷൈനിയെ ചോദിച്ചാണ് അക്രമി വന്നതെന്ന് ഷൈനിയുടെ ഭർതൃപിതാവ് പറഞ്ഞു. രാവിലെ എട്ടരയോടെ വന്ന് ബെല്ലടിച്ചത് ഷൈനി തന്നെ ഒപ്പിടണമെന്ന് നിർബന്ധിച്ചു. പെൻ ഇല്ലെന്ന് പറഞ്ഞു, അകത്ത് പോയി പെൻ എടുത്ത് വന്നു.ഇതിനിടക്കാണ് വെടിയുതിർത്തത്, ഒരു തവണ കയ്യിലും രണ്ട് തവണ തറയിലും വെടിയുതിർത്തു. കാഴ്ചയിൽ ഒത്ത ശരീരമുള്ള സ്ത്രീ ആണെന്ന് തോന്നിയതായി ഭർതൃപിതാവ് കൂട്ടിച്ചേർത്തു.
എന്നാൽ എയർഗൺ ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. പ്രാഥമിക മൊഴിയിൽ സ്ത്രീയെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.















