തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്‌നമുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമാസ് നടത്താൻ അനുമതിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുകയാണ്. മത തീവ്രവാദ ചിന്താഗതിക്കാരാണ് ഇതിന് പിന്നിലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു.
മുസ്ലീം മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു മതക്കാർക്ക് പ്രാർത്ഥിക്കാനിടമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷവും കോൺഗ്രസും ഈ വിഭാഗത്തെ പിന്തുണക്കുകയാണെന്നും പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് മുവാറ്റപുഴ നിർമ്മല കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രിൻസിപ്പൽ ഫാ. ഡോ. കെവിൻ കെ കുര്യാക്കോസിനെ തടഞ്ഞത്. നിസ്‌കാരത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവത്തിൽ മാനേജ്‌മെന്റിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.
തോന്നുന്നിടത്തൊക്കെ നിസ്‌കരിക്കാൻ ഇത് പാകിസ്താനല്ലെന്നും സ്ഥാപനം പൂട്ടേണ്ടി വന്നാലും നിസ്‌കരിക്കാൻ സ്ഥലം നൽകരുതെന്നും കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയ്ൻസ് ഫോർ സോഷ്യൽ ആക്ഷൻ) പറഞ്ഞു.
കലാലയങ്ങളിൽ നിസ്‌കാര മുറി വേണമെന്ന് നിർബന്ധം പിടിക്കാതെ പള്ളികളിൽ പെൺകുട്ടികൾക്ക് കൂടി നിസ്‌കരിക്കാനുള്ള സൗകര്യമൊരുക്കാനും അനുവാദം നൽകാനും മുസ്ലീം ആത്മീയ നേതാക്കൾ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതമെന്നും കത്തോലിക്ക കോൺഗ്രസും പ്രതികരിച്ചിരുന്നു.















