പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ ‘അവസാനത്തെ അത്താഴ’ത്തെ മോശമായി അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുക്കുകയാണ്. ലോകത്തെമ്പാടുമുള്ള ക്രൈസ്തവരെ അവഹേളിക്കുന്ന ഡ്രാഗ് പെർഫോമസാണ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചതെന്നാണ് വിമർശനം. ലോകത്തെ നിരവധി കായികതാരങ്ങളെയും അത്‌ലെറ്റുകളെയും പ്രതിനിധീകരിക്കുന്ന പരിപാടിയിൽ മതനിന്ദയും സ്വവർഗരതിയും ഉൾപ്പെടുത്തിയതിനെതിരെ ബോളിവുഡ് താരം കങ്കണാ റണാവത്തും വിമർശനം രേഖപ്പെടുത്തി.
2024ലെ ഒളിമ്പിക്‌സിലേക്ക് ലോകത്തെ സ്വാഗതം ചെയ്ത രീതി ശരിയായില്ലെന്നും ഇത്തരം പ്രവൃത്തികൾ കൊണ്ട് എന്ത് സന്ദേശം നൽകാനാണ് സംഘാടകർ ഉദ്ദേശിച്ചതെന്നും കങ്കണ ചോദിച്ചു. അവസാനത്തെ അത്താഴം പ്രമേയമാക്കി ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച പരിപാടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.
അവസാനത്തെ അത്താഴം പ്രമേയമാക്കിയ ഡ്രാഗ് പെർഫോർമൻസിൽ മതനിന്ദയാണുള്ളത്. ലൈംഗികപരമായ ചേഷ്ഠകളും പരാമർശങ്ങളും ഉപയോഗിച്ച് അവതരിപ്പിക്കുകയും മതനിന്ദയ്‌ക്ക് പാത്രമാക്കുകയും ചെയ്തതിന് പുറമേ പരിപാടിയിൽ ഒരു കുട്ടിയെ കൂടി ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ഒരു മനുഷ്യനെ നഗ്‌നനാക്കി ശരീരത്തിൽ നീലനിറം പൂശി ജീസസ് ആയി അവതരിപ്പിച്ച് ക്രൈസ്തവരെയും അപഹസിച്ചു. 2024 ഒളിമ്പിക്‌സിനെ ഇടതുചിന്തകർ റാഞ്ചിയിരിക്കുന്നു.
ഇങ്ങനെയാണോ ലോകത്തെ മുഴുവൻ ഒളിമ്പിക്‌സിലേക്ക് ഫ്രാൻസ് സ്വാഗതം ചെയ്തത്? ഇത്തരം പ്രവൃത്തികളിലൂടെ പങ്കുവയ്‌ക്കാൻ ഉദ്ദേശിക്കുന്ന സന്ദേശമെന്താണ്? വരൂ, സാത്താന്റെ ലോകത്തേക്ക് സ്വാഗതം എന്നാണോ സന്ദേശം? – ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിൽ കങ്കണ ചോദിച്ചു.
ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ച പലതും സ്വവർഗരതിയെ സൂചിപ്പിക്കുന്നതായിരുന്നു. താൻ ഹോമോസെക്ഷ്വാലിറ്റിക്ക് എതിരല്ല. പക്ഷെ എന്തിനാണ് ഇവിടെ സെക്ഷ്വാലിറ്റി കൊണ്ടുവരുന്നത്? എന്തുകൊണ്ടാണ് ഇതുപോലൊരു ഗെയിംസിൽ മനുഷ്യരുടെ മികവിനേക്കാൾ പ്രാധാന്യം സെക്ഷ്വാലിറ്റി അർഹിക്കുന്നത്.? എന്തുകൊണ്ട് നമ്മുടെ കിടപ്പറകളിൽ ലൈംഗികത ഒതുങ്ങിനിൽക്കുന്നില്ല? ഇതൊരു ദേശീയ സ്വത്വമാക്കേണ്ട ആവശ്യമെന്താണ്? വിചിത്രം തന്നെ! – കങ്കണ പറഞ്ഞു.
33-ാമത് പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച നടത്തിയ ഡ്രാഗ് ക്വീൻ പെർഫോർമൻസ് (DRAG QUEEN PERFOMANCE) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം നേരിടുകയാണ്. അവസാനത്തെ അത്താഴത്തെ പ്രമേയമാക്കിയതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ക്രൈസ്തവരുടെ വിശ്വാസങ്ങളെ അപഹസിക്കുന്ന വിധത്തിൽ പ്രകടനം അവതരിപ്പിച്ചതും പരിപാടിയിൽ ലൈംഗിക ചേഷ്ഠകളുണ്ടായിരുന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവരെ അപമാനിക്കുന്ന പ്രകടനമാണ് നടത്തിയതെന്നാണ് പരക്കെ ഉയരുന്ന വിമർശനം.















