രാമനാഥപുരം: പാമ്പൻ റെയിൽവേ കടൽപ്പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. പണി സെപ്തംബറിൽ പൂർത്തിയാകുമെന്നും അതിനുശേഷം റെയിൽ ഗതാഗതത്തിനായി പ്രവർത്തനക്ഷമമാകുമെന്നും സൂചന.
ലിഫ്റ്റിംഗ് സ്പാൻ പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു, ലിഫ്റ്റിംഗ് സ്പാൻ പ്രവർത്തിപ്പിക്കുന്നതിനായി സ്ഥാപിച്ച ടവറുകളിൽ വിവിധ ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. ട്രാക്ക് പരിശോധനയും വൈദ്യുതി ലൈൻ ജോലികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തീരുമെന്നും ഈ വർഷം ഒക്‌ടോബർ ഒന്നിന് പാലം വഴി രാമേശ്വരത്തേക്കുള്ള റെയിൽവേ സർവീസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായാണ് രാജ്യത്തെ ആദ്യത്തെ കടൽപ്പാലമായ പുതിയ പാമ്പൻ പാലം നിർമ്മിക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള പാമ്പൻ റെയിൽവേ കടൽപ്പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് 2019-ൽ റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) ആണ് നിലവിലെ പാലത്തിന് സമീപം പുതിയ പാമ്പൻ റെയിൽപ്പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. തുടർന്ന്, പഴയ പാലത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും പിന്നീട് 2022 ഡിസംബറിൽ പൂർണ്ണമായും നിർത്തുകയും ചെയ്തു.
2022ൽ ഐഐടി മദ്രാസിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം പാലത്തിൽ ചില നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചു. ട്രെയിൻ നീക്കത്തിനിടെ പാലത്തിൽ അമിതമായ പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ഈ നിരീക്ഷണ ഉപകരണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചത്.
രാമേശ്വരത്ത് നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന 2,070 മീറ്റർ (6,790 അടി) നീളമുള്ള ലംബമായ ലിഫ്റ്റ് (വെർട്ടിക്കൽ ലിഫ്റ്റ്) കടൽപ്പാലമാണ് പുതിയ പാമ്പൻ പാലം. പുതിയ പാലത്തിന് കടലിന് കുറുകെ 100 സ്പാനുകളുണ്ടാകും.ഓട്ടോമാറ്റിക് ലിഫ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലിഫ്റ്റ് സ്പാൻ പൂർണ്ണമായും ലംബമായി ഉയർത്തപ്പെടുന്നതിനാൽ കപ്പലുകൾക്ക് എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ആദ്യ തീവണ്ടിപ്പാതയാണിത്.
പുതിയ പാമ്പൻ റെയിൽവേ കടൽപ്പാലത്തിലൂടെ മണ്ഡപം മുതൽ രാമേശ്വരം വരെയുള്ള എല്ലാ റെയിൽ സർവീസുകളും 2024 ഒക്ടോബർ 1-ഓടെ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാമേശ്വരം റെയിൽവേ സ്റ്റേഷൻ വരെ പാസഞ്ചർ റിസർവേഷൻ തുറക്കുന്നത് ഉൾപ്പെടെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2019 നവംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാലത്തിന് തറക്കല്ലിട്ടത്.















