ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീൽ മന്ത്രി എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. ഇപ്പോൾ ബെംഗളൂരു സൗത്ത് എന്നാക്കിയാൽ 2028 ൽ രാമനഗര എന്ന് പേര് മാറ്റുമെന്ന് കുമാര സ്വാമി അസന്നിഗ്ധമായി പ്രസ്താവിച്ചു.
“രാമന്റെ പേര് നീക്കം ചെയ്യാൻ കഴിയില്ല. 2028 ഓടെ അത് വീണ്ടും രാമനഗര എന്ന് വിളിക്കപ്പെടും. കുറച്ച് ദിവസത്തേക്ക് അവർ സന്തോഷിക്കട്ടെ. അവരുടെ രാഷ്‌ട്രീയ തകർച്ച ആരംഭിച്ചു. ആരാണ് ജില്ലയുടെ പേര് മാറ്റാൻ അപേക്ഷിച്ചത്? പേര് മാറ്റുന്നതിൽ നിന്ന് ഇവർക്ക് എന്താണ് ലഭിക്കുന്നത്.?
“ഇവർക്ക് രാമനഗരയുടെ ചരിത്രം അറിയാമോ? രാമനഗര വികസിച്ചുകഴിഞ്ഞു. ഭൂമി വില കൂട്ടാൻ പേരു മാറ്റണോ? ക്രമസമാധാന നില എങ്ങനെയെന്ന് കണ്ടറിയണം. സംസ്ഥാനത്ത് ക്രമസമാധാനം കൃത്യമായി പാലിച്ചില്ലെങ്കിൽ വികസനം കൊണ്ട് എന്ത് പ്രയോജനം?
ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കുമാരസ്വാമി പറഞ്ഞു.
രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ കർണാടക മന്ത്രിസഭ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.
ബിജെപിയും ജെഡിഎസ്സും ഈ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പ് ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്.
“രാമനഗറിന്റെ പേരിൽ ‘രാമൻ’ ഉള്ളതിനാൽ അത് മാറ്റാൻ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ. കോൺഗ്രസ് സർക്കാരിന് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ഞങ്ങൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല,” കർണാടക മുൻ ഉപമുഖ്യമന്ത്രി സി എൻ അശ്വന്ത് നാരായൺ പറഞ്ഞു.
പേര് മാറ്റുന്നതിന് പിന്നിലെ ഹിഡൻ അജണ്ടയെ നിഖിൽ കുമാരസ്വാമി ചോദ്യം ചെയ്തിരുന്നു.
ജില്ലയെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വർഗമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ചിലരെ പ്രീണിപ്പിക്കുന്നത് മറ്റൊരു ലക്ഷ്യമാണെന്നും നിഖിൽ കുമാരസ്വാമി പറഞ്ഞു.















