ഇസ്ലാമബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ജയിൽ നിന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന. ഇമ്രാന്റഖാന്റെ അന്താരാഷ്‌ട്ര മാദ്ധ്യമ ഉപദേശകൻ സയ്യിദ് സുൽഫി ബുഖാരിയെ ഉദ്ധരിച്ച്
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ ടെലിഗ്രാഫ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓക്സ്ഫോർഡിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഇമ്രാൻഖാൻ. 1972-75 കാലത്താണ് ബിരുദം നേടിയത്.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒരു വർഷത്തോളമായി ഇമ്രാൻഖാൻ ജയിലിലാണ്. ഫെബ്രുവരിയിൽ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില കേസുകളിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തമാക്കിയിരുന്നു. ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാക് സർക്കാർ. രാജ്യദ്രോഹം ചൂണ്ടിക്കാട്ടിയാണ് നിരോധനം.















