ന്യൂഡൽഹി: പിഎം സൂര്യഭവനം പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്. 23,468 സോളാർ പ്ലാന്റുകളാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ കേരളത്തിൽ സ്ഥാപിച്ചത്. 1.35 ലക്ഷം പ്ലാന്റുകൾ സ്ഥാപിച്ച ഗുജറാത്ത് ഒന്നാമതും 34,088 പ്ലാന്റുകൾ സ്ഥാപിച്ച മഹാരാഷ്‌ട്ര രണ്ടാമതുമാണ്.
2.39 ലക്ഷം പ്ലാന്റുകളാണ് കഴിഞ്ഞ 5 മാസത്തിനിടെ പദ്ധതിപ്രകാരം സ്ഥാപിച്ചതെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് അറിയിച്ചു. 59,231 അപേക്ഷകളാണ് കേരളത്തിൽ നിന്ന് ലഭിച്ചത്. ഓഗസ്റ്റിൽ രൗജ്യത്ത് അഞ്ച് ലക്ഷം സോളാർ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. നിലവിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റുകളിൽ ഭൂരിഭാഗവും 2-3 കിലോവാട്ട് ശേഷിയുള്ളതാണ്. പ്രതിദിനം 3,000-4,000 പ്ലാന്റുകളാണ് നിലവിൽ സ്ഥാപിക്കുന്നത്. ഇതിന്റെ എണ്ണവും ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്.
സോളാർ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു കോടി പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിക്കുകയെന്നതാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം. വീടുകൾക്ക് നൽകുന്ന സബ്‌സിഡി സർക്കാർ സ്ഥാപനങ്ങൾക്കില്ല.















