10 ഒളിമ്പിക്‌സുകളിൽ പങ്കെടുക്കുന്ന ആദ്യ താരമായി ജോർജിയയുടെ നിനോ സലുക്വാഡ്‌സെ. പാരിസിൽ തന്റെ 10-ാം ഒളിമ്പിക്‌സിനാണ് താരം ഇറങ്ങുന്നത്. 1988-ൽ 19-ാം വയസിൽ സോവിയറ്റ് യൂണിയന് വേണ്ടി ഒളിമ്പിക്‌സിൽ അരങ്ങേറിയത് മുതൽ ഇന്ന് വരെയുള്ള എല്ലാ സമ്മർ ഒളിമ്പിക്‌സുകളിലും സലുക്വാഡ്‌സെ പങ്കെടുത്തിട്ടുണ്ട്. അരങ്ങേറ്റ ഒളിമ്പിക്‌സിൽ സ്വർണവും സ്വന്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യത റൗണ്ടിൽ മത്സരിക്കാനെത്തിയതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്. എന്നാൽ യോഗ്യത നേടാൻ സാധിക്കാതെ 38-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. കഴിഞ്ഞ 50 വർഷത്തെ കരിയറിൽ ഒളിമ്പിക്‌സിൽ മൂന്ന് ടീമുകളെയാണ് സലുക്വാഡ്‌സെ പ്രതിനിധീകരിച്ചത്. സോവിയറ്റ് യൂണിയൻ, മുൻ സോവിയറ്റ് താരങ്ങളുടെ ടീം, ജോർജിയ എന്നിങ്ങനെയാണ് ടീമുകൾ.
റഷ്യ- ജോർജിയ യുദ്ധത്തിനിടെ നടന്ന 2008-ലെ ബീജിംഗ് ഒളിമ്പിക്സിൽ സലുക്വാഡ്സെ വീണ്ടും കായിക ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. ആ ഒളിമ്പിക്‌സിൽ സലുക്വാഡ്സെ വെങ്കലം നേടുകയും റഷ്യൻ താരം നതാലിയ പഡെറിന വെള്ളി മെഡൽ നേടുകയും ചെയ്തു. പിന്നാലെ പോഡിയത്തിൽ ഇരുവരും ആലിംഗനം ചെയ്തതോടെ സമാധാനത്തിന്റെ സന്ദേശമായാണ് അതിനെ എല്ലാവരും കണ്ടത്. എന്തുകൊണ്ടാണ് ഈ ആംഗ്യം എല്ലാവരേയും അത്ഭുതപ്പെടുത്തിയത്? ഞങ്ങൾ അത്ലറ്റുകളാണ്, ഞങ്ങൾ തമ്മിൽ ഒരു യുദ്ധവുമില്ലെന്നാണ് സലുക്വാഡ്സെ പ്രതികരിച്ചത്. 2016-ലെ റിയോ ഒളിമ്പിക്‌സിൽ ആദ്യമായി സലുക്വാഡ്സെയും മകൻ സോട്നെ മചവാരിയാനിയും മത്സരിച്ചിരുന്നു.















