പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ദുൽഖർ സൽമാൻ. ‘ആകാശം ലോ ഒക താര’ എന്ന തെലുങ്ക് ചിത്രമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ദുൽഖർ പങ്കുവച്ചു. സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരെ സ്വന്തമാക്കിയ ദുൽഖർ വലിയ ആരാധക വൃന്ദവും ജനപ്രീതിയും നേടിയെടുത്തിട്ടുണ്ട്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ സിനിമയായാണ് ആകാശം ലോ ഒക താര പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. വെങ്ക് അട്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രവും ദുൽഖറിന്റേതായി വരാനിരിക്കുന്നുണ്ട്.