ബെംഗളൂരു: ഷിരൂരിൽ തെരച്ചിൽ താത്ക്കാലികമായി നിർത്തിവക്കുന്നു. നാല് ദിവസത്തേക്കാണ് തെരച്ചിൽ നിർത്തുന്നത്. ഇതിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നിന്ന് ബാർജ് എത്തിയ ശേഷമായിരിക്കും തെരച്ചിൽ പുനരാരംഭിക്കുക. അടുത്ത 21 ദിവസം ഗംഗാവലി പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
തെരച്ചിൽ അവസാനിപ്പിക്കണമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിക്കുന്നത് വരെ തെരച്ചിൽ തുടരും. കാർവാർ എംഎൽഎ സത്യനാരായണനാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎയെന്ന നിലയിൽ ചെയ്യാനുള്ളതെല്ലാം താൻ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
തെരച്ചിൽ നിർത്തിവക്കുന്നത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്നും കാലവസ്ഥ അനുകൂലമാണെന്നും അർജുന്റെ ബന്ധു ജിതിൻ പ്രതികരിച്ചു. ഇന്ന് ഇതുവരെയും മഴ പെയ്തിട്ടില്ല. പുഴയിലെ വെള്ളം നല്ല രീതിയിൽ താഴ്ന്നിട്ടുണ്ട്. മിഷനറികൾ എത്തിക്കുന്നതിൽ അവർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും എല്ലാം എത്തിക്കാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അതൊന്നും പ്രാവർത്തികമായില്ല. അർജുനില്ലാതെ വീട്ടിലേക്ക് പോകാൻ വളരെയധികം വിഷമമാണ്. രക്ഷാദൗത്യം ഉടനെയൊന്നും പുനരാരംഭിക്കില്ലെന്ന ആശങ്കയുണ്ട്. രക്ഷാപ്രവർത്തനത്തിന് ഏകോപനം ഉണ്ടായിരുന്നില്ലെന്നും അർജുന്റെ ബന്ധു പറഞ്ഞു.