ജമ്മു : 2024 ലെ അമർനാഥ് യാത്ര ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു. അമർനാഥ് യാത്രികരുടെ എണ്ണം 4.51 ലക്ഷം കടന്നതോടെയാണ് കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നത്.
ജൂൺ 29 ന് ആരംഭിച്ച് കഴിഞ്ഞ 29 ദിവസത്തിനിടെ 4.51 ലക്ഷത്തിലധികം പേർ വിശുദ്ധ അമർനാഥ് ഗുഹയ്‌ക്കുള്ളിൽ ‘ദർശനം’ നടത്തി. ഇതോടെ കഴിഞ്ഞ വർഷത്തെ യാത്രയുടെ റെക്കോർഡ് തകർത്തതായി തീർത്ഥാടനം നിയന്ത്രിക്കുന്ന ശ്രീ അമർനാഥ്ജി ദേവാലയ ബോർഡ് (എസ്എഎസ്ബി) അധികൃതർ പറഞ്ഞു. മുൻവർഷം യാത്രയുടെ മുഴുവൻ സമയത്തുമായി 4.45 ലക്ഷം തീർത്ഥാടകർ ഗുഹാക്ഷേത്രം സന്ദർശിച്ചിരുന്നു.
ശനിയാഴ്ച, ഏകദേശം 8,000 തീർത്ഥാടകർ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി, ഞായറാഴ്ച 1,677 തീർത്ഥാടകർ ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് താഴ്വരയിലേക്ക് പുറപ്പെട്ടു.ജൂൺ 29 ന് യാത്ര ആരംഭിച്ചതിന് ശേഷം താഴ്വരയിലേക്ക് പോകുന്ന ഏറ്റവും ചെറിയ തീർത്ഥാടക സംഘമാണിത്.
CAPF-ഉം J&K പോലീസും ഏർപ്പെടുത്തിയ കനത്തസുരക്ഷാ ക്രമീകരണങ്ങൾ കാരണം ഈ വർഷം യാത്ര സമാധാനപരമായും സുഗമമായും മുന്നോട്ട് പോകുന്നു. ഈ വർഷത്തെ അമർനാഥ് യാത്ര 52 ദിവസങ്ങൾ നീണ്ടു നിൽക്കും.യാത്ര ഓഗസ്റ്റ് 29 ന് ശ്രാവണ പൂർണിമ, രക്ഷാബന്ധൻ ആഘോഷങ്ങളോടനുബന്ധിച്ച് സമാപിക്കും.















