തിരുവനന്തപുരം: നിപയിൽ നിന്ന് കേരളം മുക്തമാകുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗപ്പകർച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളത് സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ മാത്രമാണ്. ഐസിയുവിൽ ആരും തന്നെ ചികിത്സയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി. നിപ നിയന്ത്രണങ്ങളിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇളവ് വരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കും. ഐസൊലേഷനിലുള്ളവർ കൃത്യമായി ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണം.















