ന്യൂഡൽഹി: കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിച്ചാൽ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതു ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നാം പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യം എന്ന സ്വപ്നം കൈവരിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വേണ്ടി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യൺ ഡോളറായി ഉയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നാണ് ബിജെപി മുഖ്യമന്ത്രിമാരുടെ ദ്വിദിന യോഗം സമാപിച്ചത്. ഈ വർഷത്തെ രണ്ടാമത്തെ യോഗമായിരുന്നു ഇത്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിൽ പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും വികസന പരിപാടികൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിൽ സമൂഹമാദ്ധ്യമങ്ങൾ ചൊലുത്തുന്ന പങ്കിനെ കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ ചർച്ച ചെയ്തു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.