കച്ചർ: അസമിൽ വൻ ലഹരി വേട്ട. കച്ചർ ജില്ലയിൽ അസം പൊലീസ് നടത്തിയ പരിശോധനയിൽ 9 കോടി രൂപ വിലമതിക്കുന്ന 30,000 യാബ ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സപ്തഗ്രാം സ്വദേശിയായ അബ്ദുൾ അലിം (42) ആണ് അറസ്റ്റിലായത്.
ധോലായ് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കതഖൽ പ്രദേശത്ത് മയക്കുമരുന്ന് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ 27 ന് രാത്രിയാണ് പൊലീസ് തെരച്ചിൽ നടത്തിയത്. തുടർന്നാണ് അബ്ദുൾ അലിം അറസ്റ്റിലാവുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തതായി കച്ചർ പൊലീസ് സൂപ്രണ്ട് നുമാൽ മഹത്ത പറഞ്ഞു.
ജൂലൈ 23 ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഗുവാഹത്തി സോണൽ യൂണിറ്റ് നടത്തിയ പരിശോധനയിൽ മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്ക് കടത്തുകയായിരുന്ന 6.790 കിലോ മെതാംഫെറ്റാമൈൻ പിടിച്ചെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിരുന്നു.















