തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ കയറി പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും. കുര്യാത്തി ജംഗ്ഷനിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി ധാർമ്മിക സമരം നടന്നത്. അമ്മമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെയും പൂജാരിയെയും അപമാനിച്ച പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണമെന്ന് പ്രതിഷേധത്തിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസ് അതിന് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെയൊക്കെ നഗ്നമായ ലംഘനം നടത്തിയാണ് പൊലീസ് ക്ഷേത്രത്തിൽ നിന്നും പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് വിശ്വഹിന്ദു പരിഷത് ചൂണ്ടിക്കാട്ടി. പിറ്റേന്ന് രാവിലെ പത്ത് മണിക്ക് ശംഖുമുഖം എസിയുടെ മുൻപിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടും
തുറന്നിരിക്കുന്ന അമ്പലത്തിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ട് പോയ നടപടി സമീപകാല കേരളത്തിൽ സംഭവിച്ചിട്ടില്ലാത്തതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ അവിവേകം എന്നതിലുപരി അതിന് വേറെ മാനങ്ങളുണ്ടെന്നും ഗൗരവമായിട്ടാണ് വിശ്വഹിന്ദു പരിഷത് ഈ വിഷയത്തെ കാണുന്നതെന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും നേതാക്കൾ പറഞ്ഞു.
തിരുമല വാർഡ് കൗൺസിലർ തിരുമല അനിൽ, കുര്യാത്തി വാർഡ് കൗൺസിലർ മോഹനൻ നായർ, മണക്കാട് വാർഡ് കൗൺസിലർ സുരേഷ്, ഹിന്ദു ഐക്യവേദി നേതാവ് സന്ദീപ് തമ്പാനൂർ, ക്ഷേത്രസംരക്ഷണ സമിതി നേതാവ് ഷാജു ശ്രീകണ്‌ഠേശ്വരം, ആറ്റുകാൽ കുര്യാത്തി അമ്മൻകോവിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നന്ദകുമാർ തുടങ്ങിയവർ പ്രതിഷേധത്തിൽ സംസാരിച്ചു.