ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് അക്കാദമിയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി). എട്ട് സെന്ററുകളിൽ മൂന്നെണ്ണം അടപ്പിച്ചതായി എംസിഡി അഡീഷണൽ കമ്മീഷണർ താരിഖ് തോമസ് വ്യക്തമാക്കി. വിദ്യാർത്ഥി പ്രതിഷേധം കടുത്തതോടെയാണ് നടപടി.
ബേസ്മെൻ്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. ഇഇവരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനവും മെഴുകുതിരി മാർച്ചും നടത്തി. പ്രതിഷേധം കനത്തതോടെ നഷ്ടപരിഹാരം സർക്കാർ നൽകുമെന്നറിയിച്ച് താരിഖ് തോമസ് രംഗത്തെത്തിയത്. മജിസ്‌ട്രേറ്റ് തലത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേസ്മെന്റിൽ അനധികൃതമായാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ബേസ്മെന്റിൽ കാർപാർക്കിംഗിന് മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നും ഡൽഹി മേയർ ഷെല്ലി ഒബ്രോയ് പറഞ്ഞു. കെട്ടിടത്തിന് മാത്രമേ കോർപ്പറേഷൻ അനുമതി നൽകിയിട്ടുള്ളൂവെന്നും അനധികൃതമായാണ് വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തതായി എംസിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് അതിദാരുണാമായ സംഭവമുണ്ടായത്. കനത്ത മഴയിൽ അഴുക്കുചാൽ തകർന്ന് വെള്ളം കെട്ടിടത്തിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ലൈബ്രറിയിൽ ബയോമെട്രിക് ഡോറായിരുന്നതിനാൽ വേഗത്തിൽ തുറക്കാനായില്ല. ഇതും അപകടത്തിന്റെ തോത് വർദ്ധിക്കാൻ കാരണമായി. പിന്നാലെ ബേസ്മെന്റിലെ വെള്ളം വറ്റിച്ചാണ് മൂന്ന് പേരുടെയും മൃതദേഹം പുറത്തെടുത്തത്. എറണാകുളം നീലേശ്വരം സ്വദേശി നെവിൻ ഡാൽവിൻ, ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ്, തെലങ്കാന സ്വദേശി തന്യ സോണി എന്നിവരാണ് മരിച്ചത്.















