മുവാറ്റുപുഴ: മുവാറ്റുപുഴ നിർമല കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ നിസ്‌കാരത്തിന് പ്രത്യേക സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിറ്റി. ഗുരുതരമായ പ്രശ്‌നമാണിതെന്നാണ് സഭ ആരോപിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെതിരെ അടുത്ത കാലത്തായി വളരെ ആസൂത്രിതമായ രീതിയിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് പിഎസി കൺവീനർ ബിഷപ്പ് തോമസ് തറയിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന മത വർഗീയ അധിനിവേശങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം മുവാറ്റുപുഴ നിർമ്മല കോളേജിൽ കണ്ടത്. ഇത്തരത്തിലുള്ള നീക്കങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. ക്രിസ്ത്യൻ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു നീക്കത്തേയും ശക്തിയായി തന്നെ എതിർക്കുമെന്നും ബിഷപ്പ് തറയിൽ വ്യക്തമാക്കി.
വർഷങ്ങളായി അക്കാദമിക് തലത്തിലുൾപ്പെടെ മികച്ച നിലവാരം പുലർത്തുന്ന കോളേജ് കൂടിയാണത്. എന്നാൽ ഇത്തരം സംഭവങ്ങൾ കോളേജിന്റെ ഒന്നാകെയുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഒരു പ്രത്യേക മതവിഭാഗത്തിൽ പ്രാർത്ഥനയ്‌ക്കായി പ്രത്യേക സ്ഥലം ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നിയമപരമായോ ധാർമ്മികമായോ ഇത്തരമൊരു ആവശ്യം അംഗീകരിക്കേണ്ടതിന്റെ ആവശ്യമില്ല.
രണ്ട് പ്രമുഖ വിദ്യാർത്ഥി യൂണിയനുകളാണ് കോളേജിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതെന്നും, ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരം സംഭവങ്ങളിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം ആവശ്യമാണ്. കോളേജ് ക്യാമ്പസിനുള്ളിൽ ഇനിയും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കോളേജ് പ്രിൻസിപ്പലിനും അധികൃതർക്കും സംരക്ഷണം ഒരുക്കണമെന്നും ബിഷപ്പ് തറയിൽ ആവശ്യപ്പെട്ടു.















