മുവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്‌കാരത്തിന് പ്രത്യേകം സ്ഥലം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം വിവാദമായതോടെ തലയൂരാനുള്ള ശ്രമവുമായി എസ്എഫ്‌ഐ. ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി തങ്ങൾ സമരം നടത്തിയിട്ടില്ലെന്നും, നടക്കുന്നത് വ്യാജപ്രചരണമാണെന്നും എസ്എഫ്‌ഐ നേതൃത്വം അവകാശപ്പെടുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവും, മുവാറ്റുപുഴ ഏരിയ കമ്മിറ്റിയും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. കോളേജിലെ മാത്‌സ് ഡിപ്പാർട്ട്‌മെന്റിൽ പ്രാർത്ഥനാ വിഷയവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിനിക്കുണ്ടായ അനുഭവത്തിൽ മറ്റ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചതാണെന്നും, അത് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ആയിരുന്നില്ലെന്നുമാണ് എസ്എഫ്‌ഐ ഏരിയ കമ്മിറ്റി പുറത്ത് വിട്ട പ്രസ്താവനയിൽ അവകാശപ്പെടുന്നത്.
വിദ്യാർത്ഥികൾ വിളിക്കുന്ന മുദ്രാവാക്യം വിദ്യാർത്ഥി ഐക്യം സിന്ദാബാദ് എന്നാണെന്ന് വീഡിയോയിൽ വ്യക്തിയാണെന്നും, മറ്റൊരു സംഘടനയിലെ വിദ്യാർത്ഥിയാണ് ഇതിന് നേതൃത്വം കൊടുത്തതെന്നും ഇവർ പറയുന്നു. ” വിദ്യാർത്ഥി പ്രതിഷേധം എസ്എഫ്‌ഐയുടെ പ്രതിഷേധമായി ചിത്രീകരിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കൃത്യമായ വർഗീയ വിഭജന അജണ്ടയോടെ വാർത്ത പ്രസിദ്ധീകരിച്ച ഒരു ഓൺലൈൻ ചാനൽ ആണ് എസ്എഫ്‌ഐയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചത്. ക്യാമ്പസുകളുടെ മതേതരസ്വഭാവം നിലനിർത്തുന്നതിന് വലിയ പോരാട്ടം സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് എസ്എഫ്‌ഐ.
ആ പോരാട്ടം തുടരുക തന്നെ ചെയ്യും. അതോടൊപ്പം ക്യാമ്പസുകളെ വർഗീയ അജണ്ടക്ക് ഉപയോഗിക്കുന്ന ഗൂഢലക്ഷ്യക്കാരെ തുറന്നുകാട്ടുകയും ചെയ്യും. എസ്എഫ്‌ഐക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെയും, അതിനു പിന്നിലെ ഗൂഢാലോചനയെയും പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് എസ്എഫ്‌ഐ നിയമ നടപടികൾ സ്വീകരിക്കും. ക്യാമ്പസുകളെ വർഗീയമായി വിഭജിക്കാനുള്ള ഗൂഢനീക്കങ്ങളെ മുഴുവൻ വിദ്യാർത്ഥികളെയും അണിനിരത്തി എസ്എഫ്‌ഐ പ്രതിരോധിക്കും ഇക്കാര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും വിദ്യാർത്ഥി സമൂഹത്തിന്റെയും പിന്തുണ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും” ഏരിയ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്എഫ്‌ഐ എന്നാണ് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവരുടെ പേരിൽ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. ”ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്‌ഐ. മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്എഫ്‌ഐ സമരം സംഘടിപ്പിച്ചിട്ടില്ല.
രണ്ട് വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പ്രിൻസിപ്പാൾ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം എസ്എഫ്‌ഐയുടെ തലയിൽ കെട്ടിവെക്കുന്നത് സംഘപരിവാർ, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ഉൾപ്പെടെയുള്ള ആ ക്യാമ്പസിൽ പഠിക്കുന്ന എസ്എഫ്‌ഐ നേതൃത്വം ആരും തന്നെ ആ സമരത്തിന്റെ ഭാഗമായിട്ടില്ല. സംഘപരിവാർ – കാസ നുണ ഫാക്ടറികളിൽ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ ഉൾപ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണെന്നും” ഇവർ പറയുന്നു.















