എറണാകുളം: സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി. പകൽ സമയത്തെ നിരക്ക് കുറച്ച് രാത്രി പീക്ക് സമയത്തെ നിരക്ക് വർദ്ധിപ്പിക്കാനാണ് ചർച്ചകൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാലും സംസ്ഥാനത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളും സ്മാർട്ട് മീറ്ററിലേക്ക് മാറിയതിനാൽ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാക്കാനാവും. രാത്രിയിൽ വൈദ്യുതി ഉപയോഗം കൂടിയതാണ് നിരക്ക് വർദ്ധനയ്‌ക്ക് പ്രേരിപ്പിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്‌ക്കുന്നതിന് വേണ്ടിയാണ് നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള ശ്രമം കെഎസ്ഇബി തുടങ്ങിയെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. 7000 കോടി ചെലവിൽ 220 മെഗാവാട്ടിന്റെ രണ്ട് പദ്ധതികൾ സംസ്ഥാനത്ത് ആരംഭിക്കാനാണ് നീക്കം. ഇതിലൂടെ 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് ആണവനിലയം സ്ഥാപിക്കാനായി കെഎസ്ഇബിയുടെ പരിഗണനയിലുള്ള സ്ഥലങ്ങളെന്നാണ് സൂചന.















