കൊച്ചി: 2006ലെ ശൈശവ വിവാഹ നിരോധന നിയമം മതവ്യത്യാസം ഇല്ലാതെ രാജ്യത്തെ ഓരോ പൗരനും ബാധകമാണെന്ന് ഹൈക്കോടതി. ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നതെന്നും അതിനുശേഷമാണ് മത വ്യക്തിത്വം നേടുന്നതെന്നും കോടതി നിരീക്ഷിച്ചു.ഋതുമതിയായ 15 കാരിക്ക് വിവാഹിതയാകാൻ മുസ്ലിം വ്യക്തി നിയമം അനുമതി നൽകുന്നുണ്ടെന്നും ഈ അവകാശം 2006 ലെ നിയമം നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
2012 ഡിസംബർ 30ന് പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിൽ ഇസ്‌ലാമിക ആചാരപ്രകാരം നടന്ന ശൈശവവിവാഹമാണ് ഹര്‍ജിക്ക് അടിസ്ഥാനം. പ്രായപൂർത്തിയാകാത്ത മകളെ രണ്ടാം പ്രതിക്ക് വിവാഹം ചെയ്തുകൊടുത്ത പിതാവാണ് ഒന്നാം പ്രതി. ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റും സെക്രട്ടറിയുമാണ് മൂന്നും നാലും പ്രതികൾ. സാക്ഷിയായിരുന്നു അഞ്ചാം പ്രതി.
2012 നടന്ന വിവാഹത്തിനെതിരെ ശിശു വികസന ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്ന വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളാണ് ഹൈക്കോടതിയിൽ എത്തിയത്. സ്‌കൂൾ അധികൃതർ പെൺകുട്ടിയുടെ ജനനത്തീയതി തെറ്റായാണ് രേഖപ്പെടുത്തിയെന്നും മറ്റുമുള്ള ഹർജിക്കാരുടെ വാദങ്ങൾ കോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങൾ വിചാരണ കോടതിയിൽ ഉന്നയിക്കാൻ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ നിർദേശിച്ചു
ശൈശവ വിവാഹം കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, ചൂഷണത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ നിഷേധിക്കുന്നതായും കോടതി കൂട്ടിച്ചേർത്തു. നേരത്തെയുള്ള വിവാഹവും ഗർഭധാരണവും ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, ലൈംഗികമായി പകരുന്ന അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ശൈശവ വിവാഹം പലപ്പോഴും പെൺകുട്ടികളെ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നു. ബാല വധുക്കൾ ഗാർഹിക പീഡനത്തിനും കൂടുതലായി ഇരകളായിരുന്നു. ശൈശവ വിവാഹം സമൂഹിക- സാമ്പത്തിക അവസരങ്ങൾ പരിമിതപ്പെടുത്തുമെന്നും കോടതി പറഞ്ഞു.















