ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പാർട്ടി നേതാക്കൾക്കുമെതിരെ സിബിഐ റൂസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ആഗസ്റ്റ് എട്ടുവരെ നീട്ടിയിരുന്നു. മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ. കവിത എന്നിവരുടെ കാലാവധിയും നിട്ടി. ദിവസങ്ങൾക്ക് മുമ്പ് സിബിഐയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയും ഇടക്കാല ജാമ്യാപേക്ഷയും ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
അഴിമതിയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെതിരെ ഇഡി നടത്തുന്ന അന്വേഷണവും പൂർത്തിയായി. ഇഡി ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ ജൂൺ 26 നാണ് തിഹാർ ജയിലിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കൽ ജൂൺ 20 ന് വിചാരണ കോടതി ജാമ്യം അനുവദിച്ചെങ്കിലും പിന്നാലെ സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാനായില്ല.