തിരുവനന്തപുരം: നിർമലാ കോളേജിൽ നിസ്കരിക്കാൻ പ്രത്യേക മുറി ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ പ്രതിഷേധം നിഷ്കളങ്കമല്ലെന്ന വിമർശനം ശക്തമാകുന്നു. നിസ്കാര മുറി വേണമെന്ന ആവശ്യം ആസൂത്രിതമാണെന്നാണ് വിമർശനം. ഇതിനെ സാധൂകരിക്കുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കാസയുടെ ഔദ്യോഗിക എഫ്ബി പേജിലും ഇത് പങ്കുവച്ചിട്ടുണ്ട്.
കോളേജിൽ പെൺകുട്ടികൾക്കായി പ്രത്യേക നിസ്കാര മുറി എങ്ങനെ നേടിയെടുക്കാമെന്ന് മുസ്ലീം പണ്ഡിതൻ പ്രസംഗിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കോഴിക്കോട് ജില്ലയിലെ ഒരു കോളേജിൽ മൂന്ന് മുസ്ലീം വിദ്യാർത്ഥിനികൾ ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായി പ്രത്യേക നിസ്കാരമുറി ലഭിച്ചുവെന്നും ഇതുപോലെ എല്ലാ വിദ്യാർത്ഥിനികളും പരിശ്രമിച്ചാൽ കലാലയത്തിൽ നിസ്കരിക്കാൻ പ്രത്യേക മുറി ലഭിക്കുമെന്നുമാണ് വീഡിയോയിൽ മതപ്രഭാഷകൻ പറയുന്നത്. നിങ്ങൾ മൂന്നുപേരും ഷാളുമായി പോകൂ.. ഉച്ചയ്‌ക്ക് ക്ലാസ് മുറിയിൽ നിസ്‌കരിക്കൂ.. ബാക്കിയുള്ളത് അള്ളാഹു നോക്കിക്കോളും.. എന്നെല്ലാമാണ് വീഡിയോയിലെ വാക്കുകൾ. കോളേജിൽ മറ്റാരുടെയും പിന്തുണ ലഭിച്ചില്ലെങ്കിൽ പോലും നിസ്കാരമുറിയെന്ന ആവശ്യം എങ്ങനെ സാധിച്ചെടുക്കാമെന്നും വീഡിയോയിൽ പറയുന്നു.
അതേസമയം കോളേജിനുള്ളിൽ നിസ്കാര സൗകര്യം എന്ന ആവശ്യത്തിനുമേൽ യാതൊരുവിധ ചർച്ചയുമില്ലെന്ന് മൂവാറ്റുപുഴ നിർമലാ കോളേജ് അധികൃതർ അറിയിച്ചു. പുറത്ത് മസ്ജിദിൽ പോയി നിസ്കരിക്കാനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് പഴയതുപോലെ തുടർന്നും അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.















