ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സുരക്ഷാസേനയ്‌ക്ക് പുത്തൻ ഊർജ്ജം!സേനയുടെ നീക്കം സുഗമമാക്കാൻ ഇന്ത്യ- ചൈന ബോർഡർ റോഡ്‌സ് ( ICBR ) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം. കിഴക്കൻ ലഡാക്കിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും യഥാർത്ഥ നിയന്ത്രണ രേഖയിലൂടെ സുരക്ഷാ സേനയുടെ നീക്കം സുഗമമാക്കാനും ആയാണ് 2017ൽ ഇന്ത്യ ചൈന ബോർഡർ റോഡ്‌സ് പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്. 2020-ൽ കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ചൈനീസ് സൈന്യം സൃഷ്ടിച്ച പ്രകോപനം പദ്ധതിയുടെ വേഗത കൂട്ടി.
ഇന്ത്യ ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന. 3,488 കിലോമീറ്റർ ആണ് അതിർത്തിയുടെ നീളം. ലഡാക്ക്, അരുണാചൽ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ പ്രദേശങ്ങളിലൂടെയാണ് അതിർത്തി കടന്നു പോകുന്നത്. ഇവിടെ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയാണ് സേന നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ( BRO ), കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ( CPWD ), നാഷണൽ പ്രോജക്ട് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2017-20 മുതൽ പ്രതിവർഷം 470 കിലോമീറ്റർ റോഡ് നിർമാണമാണ് ഈ മേഖലയിൽ പൂർത്തിയാക്കിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലായി 73 റോഡുകൾ പൂർത്തിയായി. മണാലിയിൽ നിന്ന് ലേയിലേക്ക് പ്രതികൂല കാലാവസ്ഥയിലും ഗതാഗതം ഉറപ്പാക്കുന്ന ഷിൻകു ലാ ടണലിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി നിർവഹിച്ചത്. 4.1 കിലോമീറ്റർ തുരങ്കം പൂർത്തിയാകുന്നതോടെ സായുധ സേനയുടെയും ആയുധങ്ങളുടെയും നീക്കം സുഗമമക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024-ലെ കേന്ദ്ര ബജറ്റിൽ 6,500 കോടി രൂപ ബിആഒയ്‌ക്ക് മാറ്റിവെച്ചത്. 2023-24 മായി താരതമ്യപ്പെടുത്തുമ്പോൾ 30 ശതമാനമാണ് വർദ്ധന. ചൈനയുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള ഊർജ്ജസ്വലഗ്രാമം പദ്ധതിക്കും ആഭ്യന്തരമന്ത്രാലയം 1050 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.















