വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ തമിഴിലെ ഒരു പ്രണയ ചിത്രമാണ് 96. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രവും തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനസ് കവർന്നിരുന്നു. ജാനകി എന്ന കഥാപാത്രം തൃഷയോളം മറ്റാരും ചെയ്യില്ല എന്ന് തോന്നിപ്പോകുന്ന പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ഇപ്പോഴിതാ, ജാനകിയുടെ റോളിലേക്ക് തന്നെയാണ് ആദ്യം പരിഗണിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ആ കഥാപാത്രം ചെയ്യാതെ പോയതിന്റെ കാരണവും താരം തുറന്നു പറഞ്ഞു.
“96-ലെ കോൾ എത്തിയില്ല എന്റെ അടുത്ത്. അവർ വിളിക്കാൻ ശ്രമിച്ചിരുന്നു. ആ കോൾ എത്തിയില്ല. അതിനു മുൻപ് വേറെ വഴിക്ക് പോയി. ഒരു അവാർഡ് ഫംഗ്ഷന് കണ്ടപ്പോൾ വിജയ് സേതുപതി ഇക്കാര്യം പറഞ്ഞു. അങ്ങനെയാണ് എന്നെ അന്വേഷിച്ചിരുന്നുവെന്ന് അറിയുന്നത്”.
“ആ സമയത്ത് അവർക്ക് തന്നെ ഡേറ്റ് കൺഫ്യൂഷൻ ആയിരുന്നു. ഷൂട്ടിംഗ് എങ്ങനെയുണ്ടെന്ന് അവർക്ക് തന്നെ ഒരു പിടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വെറുതെ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പാതിവഴിക്ക് അവർ തന്നെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ആ റോൾ തൃഷ ചെയ്യുകയായിരുന്നു”- മഞ്ജു വാര്യർ പറഞ്ഞു.