മഞ്ചേരി: ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന 50 സെന്റ് സ്ഥലവും മൂന്നു നില വാണിജ്യ കെട്ടിടവും ദേശീയ സേവാഭാരതിക്ക് കൈമാറി ദമ്പതികൾ. മഞ്ചേരി മേലാക്കം നടുവിലേക്കളം മഞ്ജുശ്രീയില്‍ എ.കെ. ബാലകൃഷ്ണന്‍ നായരും ഭാര്യ വി. സത്യവതി ടീച്ചറുമാണ് ദാനത്തിന്റെ ഉദാത്ത മാതൃകയായത്.
താമസിക്കുന്ന 10 സെന്റിലുള്ള വീട് ഒഴികെ തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുമാണ് 85 കാരൻ അമ്മയുടെ സ്മരണയ്‌ക്കായി സൗജന്യമായി എഴുതി നൽകിയത്. ഇതിൽ അദ്ദേഹത്തിന്റെ സഹോദരിയും അവരുടെ ഏക മകനും മരിച്ചതിനെത്തുടര്‍ന്ന് ലഭിച്ച സ്വത്തും ഉൾപ്പെടും. മഞ്ചേരി ടൗണില്‍ മേലാക്കം മാനു ആശുപത്രിക്ക് സമീപമാണ് ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്.
എയര്‍ഫോഴ്‌സില്‍ 17 വര്‍ഷവും കോഴിക്കോട് മെഡി. കോളജില്‍ 18 വര്‍ഷവും ജോലി ചെയ്ത ശേഷം വിരമിച്ച ബാലകൃഷ്ണൻ നായർ നാട്ടുകാർക്ക് ബാലേട്ടനാണ്. സത്യവതി ടീച്ചർ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പൽ ആയാണ് വിരമിച്ചത്. പ്രദേശത്തെ ആദ്ധ്യാത്മിക കാര്യങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും
പ്രായത്തിന്റെ അവശതകൾ മറന്ന് ഇപ്പോഴും ഇരുവരും സജീവമാണ്.
എടക്കരയില്‍ നടന്ന സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകള്‍ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.വിജയന്‍ സ്വീകരിച്ചു. സേവാഭാരതിയുടെ പ്രവര്‍ത്തനം സമൂഹത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മനസിലാക്കിയാണ് സ്ഥലം സേവാഭാരതിക്ക് കൈമാറിയതെന്ന് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.















