ന്യൂഡൽഹി: ഐഎഎസ് കോച്ചിംഗ് സെന്ററിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ആംആദ്മി പാർട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. എഎപി ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ദേവയും പാർട്ടി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നതെന്ന് ബിജെപി നേതാവ് അനു അറോറ പറഞ്ഞു.
കെജരിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കുമ്പോൾ മാത്രമേ വിദ്യാർത്ഥികളോടുള്ള അനീതികൾ അവസാനിക്കുകയുള്ളൂ.
ഇത് വളരെയധികം ദാരുണമായ സംഭവമാണ്. ആരും ഒരു ക്രമീകരണങ്ങളും ചെയ്തില്ല. അശ്രദ്ധയും നിരുത്തരവാദിത്തവും കാരണമാണ് ഈ അപകടം നടന്നത്. എഎപി സർക്കാർ ജനങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. രണ്ട് ദിവസമായി പ്രതിഷേധം നടത്തിയിട്ടും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥർ പോലും തങ്ങളെ വന്ന് കണ്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.















