ന്യൂഡൽഹി: ഇന്ത്യയും പസഫിക് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഫിജി , ന്യൂസിലാൻഡ് , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോർ ലെസ്റ്റെ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയപ്രകാരം നടത്തുന്ന സന്ദർശനം 2024 ഓഗസ്റ്റ് 5 മുതൽ 10 വരെയാകും ഉണ്ടാകുക.
ഫിജി, ന്യൂസിലാൻഡ്, ടിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങളിലേക്കുള്ള രാഷ്‌ട്രപതിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുമെന്നും 10 വർഷങ്ങൾക്കു മുൻപ് നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഫിജി പ്രസിഡൻ്റ് റാതു വില്യാം മൈവലിലി കറ്റോണിവെറെയുടെ ക്ഷണപ്രകാരം ഓഗസ്റ്റ് 5 ,6 തീയതികളിലാണ് പ്രസിഡൻ്റ് മുർമു ഫിജി സന്ദർശിക്കുക. ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്‌ട്ര തലവന്റെ ആദ്യ ഫിജി സന്ദർശനം കൂടിയാണ് ഇത്. സന്ദർശനത്തിൽ പ്രസിഡൻറ് കറ്റോണിവെറെ, പ്രധാനമന്ത്രി സിതിവേനി റബുക്ക എന്നിവരുമായി രാഷ്‌ട്രപതി മുർമു കൂടികാഴ്ച നടത്തും. ഫിജി പാർലമെൻ്റിനെയും അവിടുത്തെ ഇന്ത്യൻ സമൂഹത്തെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും.
തുടർന്ന് ഓഗസ്റ്റ് 7 മുതൽ 9 വരെ രാഷ്‌ട്രപതി ന്യൂസിലൻഡ് സന്ദർശിക്കും. ന്യൂസിലൻഡ് ഗവർണർ ജനറൽ സിൻഡി കിറോയുടെ ക്ഷണപ്രകാരമാണ് രാഷ്‌ട്രപതിയുടെ സന്ദർശനം. ഇരുവരും ഉഭയകക്ഷി ചർച്ച നടത്തുകയും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അവിടെ വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹവുമായി മുർമു സംവദിക്കും.
സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ പ്രസിഡൻ്റ് ജോസ് റാമോസ്ഹോർട്ടയുടെ ക്ഷണപ്രകാരം മുർമു ഓഗസ്റ്റ് 10 ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോർ ലെസ്റ്റെ സന്ദർശിക്കും. സന്ദർശന വേളയിൽ രാഷ്‌ട്രപതി മുർമു പ്രസിഡൻ്റ് ഹോർട്ടയുമായി ഉഭയകക്ഷി ചർച്ച നടത്തും. അതിനു ശേഷം ടിമോർ ലെസ്റ്റെ പ്രധാനമന്ത്രി സനാന ഗുസ്മാവോ പ്രസിഡൻ്റ് മുർമുവുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തെ ഇന്ത്യൻ സമൂഹവുമായി രാഷ്‌ട്രപതി മുർമു ആശയവിനിമയം നടത്തുകയും ചെയ്യും.