ഗുവാഹത്തി: സംസ്ഥാനത്ത് വിഐപി സംസ്കാരം നിർത്തലാക്കാൻ നടപടിയുമായി അസം സർക്കാർ. എല്ലാ സർക്കാർ പരിപാടികൾക്കും ഇനിമുതൽ ലളിതമായ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉത്തരവിട്ടു. ഗുവാഹത്തിയിൽ നടന്ന ജില്ലാ കമ്മിഷണർമാരുടെ ദ്വിദിന കോൺഫറൻസിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അസം സർക്കാർ വിഐപി സംസ്കാരം നിർത്തലാക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന വാഹനങ്ങളും ബാരിക്കേഡുകളും വെട്ടിക്കുറയ്‌ക്കും. എല്ലാ സർക്കാർ പ്രോഗ്രാമുകളിലും സസ്യാഹാരം മാത്രമേ വിളമ്പാവൂ. സർക്കാർ പരിപാടികൾ ലളിതമായി നടത്തണമെന്നും അകമ്പടി വാഹനങ്ങൾ പത്തിൽ താഴെയായിരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് എത്തുന്ന അതിഥികൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് അസം സർക്കാർ വ്യക്തമാക്കി.
വിഐപി സംസ്കാരം നിർത്തലാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ വസതിയുടെ വൈദ്യുതി സ്വയം അടയ്‌ക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവർ ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിട്ടുണ്ട്.