സർക്കാർ പരിപാടികൾ ലളിതമാകണം, വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പണം; അകമ്പടി വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചു; VIP സംസ്കാരം നിർത്തലാക്കാൻ അസം

Published by
Janam Web Desk

ഗുവാഹത്തി: സംസ്ഥാനത്ത് വിഐപി സംസ്കാരം നിർത്തലാക്കാൻ നടപടിയുമായി അസം സർക്കാർ. എല്ലാ സർക്കാർ പരിപാടികൾക്കും ഇനിമുതൽ ലളിതമായ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉത്തരവിട്ടു. ​ഗുവാഹത്തിയിൽ നടന്ന ജില്ലാ കമ്മിഷണർമാരുടെ ദ്വിദിന കോൺഫറൻസിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അസം സർക്കാർ വിഐപി സംസ്കാരം നിർത്തലാക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന വാഹനങ്ങളും ബാരിക്കേഡുകളും വെട്ടിക്കുറയ്‌ക്കും. എല്ലാ സർക്കാർ പ്രോ​ഗ്രാമുകളിലും സസ്യാഹാരം മാത്രമേ വിളമ്പാവൂ. സർക്കാർ പരിപാടികൾ ലളിതമായി നടത്തണമെന്നും അകമ്പടി വാഹനങ്ങൾ പത്തിൽ താഴെയായിരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് എത്തുന്ന അതിഥികൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് അസം സർക്കാർ വ്യക്തമാക്കി.

വിഐപി സംസ്കാരം നിർത്തലാക്കുന്നതിന്റെ ഭാ​ഗമായി സർക്കാർ ഉദ്യോ​ഗസ്ഥരുടെ വസതിയുടെ വൈദ്യുതി സ്വയം അടയ്‌ക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവർ ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിട്ടുണ്ട്.

Share
Leave a Comment