മുംബൈ: ബോളിവുഡ് ദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും കുട്ടികളെ പരിചരിച്ചതിന് ആയയ്‌ക്ക് ലഭിച്ച ശമ്പളം 2.5 ലക്ഷം രൂപ!. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ പ്രചരിച്ച വാർത്തയായിരുന്നു ഇത്. എന്നാൽ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആയ ലളിത ഡിസിൽവ.
ഇത്തരം വാർത്തകൾ പരന്നതോടെ താൻ ശമ്പളത്തെ കുറിച്ച് കരീനയോട് ചോദിച്ചു. നിങ്ങൾ എനിക്ക് ഇത്രയും തുക തരാൻ പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇതെല്ലാം വെറും തമാശയാണെന്ന് മാത്രമായിരുന്നു കരീനയുടെ മറുപടിയെന്ന് അവർ പറഞ്ഞു. കരീനയുടെ രണ്ട് മക്കളെയും മുമ്പ് നോക്കിയിരുന്ന ആയയാണ് ലളിത ഡിസിൽവ. ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങൾ ആണെങ്കിലും കരീന കപൂറും ഭർത്താവ് സെയ്ഫ് അലി ഖാനും വളരെ ലളിത ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ലളിത പറയുന്നു. ജോലിക്കാരോടൊപ്പമിരുന്നും ഇരുവരും ആഹാരം കഴിക്കാറുണ്ട്. സെയ്ഫ് അലി ഖാൻ നന്നായി ആഹാരം പാകം ചെയ്യുമെന്നും ലളിത പറയുന്നു.
സിനിമയും കുടുംബവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് തെളിയിച്ച ബോളിവുഡ് നടിമാരിൽ മുൻപന്തിയിലാണ് കരീന. ഗർഭിണിയായപ്പോഴും പ്രസവം കഴിഞ്ഞും കരിയറിന് നടി ശ്രദ്ധ കൊടുത്തിരുന്നു. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളുടെ അമ്മയായ കരീന 44ാം വയസിലും ഏറെ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ്
പീഡിയാട്രിക് നഴ്‌സായ ലളിത വർഷങ്ങളായി താരകുടുംബങ്ങളിലെ കുട്ടികളെ പരിചരിക്കുന്ന രംഗത്ത് തുടരുകയാണ്. നടൻ രാം ചരണിന്റെ മകൾ ക്ലിൻ കാര കൊനിഡേലയെയാണ് ലളിത നിലവിൽ പരിചരിക്കുന്നത്. മുകേഷ് അംബാനിയുടെ മക്കളെയും ചെറുപ്രായത്തിൽ ലളിതയായിരുന്നു പരിചരിച്ചത്.















