മേപ്പാടി: ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്താണ് ഉരുളെത്തിയതെന്ന് പ്രദേശവാസികൾ. 400-ലേറെ കുടുംബങ്ങളാണ് പ്രദേശത്ത് കഴിയുന്നതെന്നും പലരെ കുറിച്ചും വിവരങ്ങളില്ലെന്നും നാട്ടുകാർ ആശങ്കയോടെ പറയുന്നു. പ്രദേശത്ത് നിന്ന് അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു. ഇക്കൂട്ടത്തിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ 16 പേർ ചികിത്സയിൽ.
വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂൾ പൂർണമായും തകർന്നു. നിരവധി വീടുകൾ തകർന്നതായി ദുരന്തമേഖലയിലുള്ളവർ പറഞ്ഞു. രക്ഷപ്പെട്ടവരിൽ പലരും സഹായം അഭ്യർത്ഥിച്ച് നാട്ടുകാരെ വിളിക്കുന്നുണ്ട്. ചൂരൽമല ടൗണിലെ പാലം തകർന്നതോടെ പുഴ ഗതിമാറി ഒഴുകുകയാണ്. ഇതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. ചൂരൽമല ഭാഗത്ത് രണ്ട് നിലയോളം ഉയരത്തിൽ മണ്ണ് വന്നിടിഞ്ഞതായി പ്രദേശവാസികൾ പറയുന്നു. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഭാഗങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.















